Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഗ്രഹാരാധന: ബാലന്റെ പരാമർശം വിവാദത്തിൽ; മാപ്പു പറയണമെന്ന് പ്രതിപക്ഷം

A.K. Balan എ.കെ. ബാലൻ

തിരുവനന്തപുരം ∙ നിയമസഭയിൽ ചർച്ചയ്ക്കിടെ വിഗ്രഹാരാധന സംബന്ധിച്ച മന്ത്രി എ.കെ. ബാലന്റെ പരാമർശം വിവാദത്തിൽ. വിഗ്രഹാരാധനയ്ക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ പോരാടിയ ഇസ്‍ലാം മതത്തിന്റെ വക്താക്കളായ ലീഗ് കപട വിശ്വാസികളാകരുതെന്നായിരുന്നു കേരള പൊലീസ് ഭേദഗതി ബിൽ ചർച്ചയ്ക്കിടെ ബാലന്റെ പരാമർശം. അതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പരാമർശം പിൻവലിച്ചു മന്ത്രി മാപ്പു പറയണമെന്നു പിന്നീടു മാധ്യമങ്ങളെ കണ്ടു പ്രതിപക്ഷം ആവശ്യപ്പെട്ടു.

വനിതാ മതിലുമായി ബന്ധപ്പെട്ടു ലീഗ് എംഎൽഎ പി.കെ. ബഷീർ നടത്തിയ പരാമർശത്തിനു മറുപടി നൽകുമ്പോഴായിരുന്നു ബാലന്റെ വിവാദപ്രസ്താവന. ബഹുദൈവ വിശ്വാസികളുടെ കാര്യത്തിൽ ഏകദൈവ വിശ്വാസികൾ ഇടപെടേണ്ടെന്നാണു മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രിയിൽ നിന്നു പ്രതീക്ഷിക്കാത്ത മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. പരാമർശം രേഖയിൽ നിന്നു നീക്കണമെന്നു വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും രണ്ടു ചേരികളിലാണു നിൽക്കേണ്ടത് എന്നാണു മന്ത്രി പറയുന്നതെങ്കിൽ ഇഎംഎസിന് എങ്ങനെ ശരീഅത്തിന്റെ കാര്യത്തിൽ ഇടപെടാനാകുമായിരുന്നുവെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ ചോദിച്ചു. ബാബറി മസ്ജിദ് നിൽക്കുന്ന സ്ഥലത്തു നിന്നു മുസ്‍ലിം സമൂഹത്തെ അടിച്ചോടിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളുടെ ഭാഷയിലാണു ബാലൻ സഭയിൽ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.