Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവം അശുദ്ധമല്ല ;‘സധൈര്യം മുന്നോട്ട് ’ ഉദ്ഘാടനം പത്തിന്

K.K. Shylaja കെ.കെ. ശൈലജ

തിരുവനന്തപുരം∙ആർത്തവം അശുദ്ധമല്ലെന്നും പൗരാവകാശം സംരക്ഷിക്കണമെന്നുമുള്ള സന്ദേശവുമായി പത്തിനു മനുഷ്യാവകാശ ദിനത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന 'സധൈര്യം മുന്നോട്ട്' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആയിരക്കണക്കിനു വനിതകളെ ഉൾപ്പെടുത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഡിസംബർ 10 മുതൽ വനിതാ ദിനമായ മാർച്ച് എട്ടു വരെ നീളുന്ന വിപുലമായ പ്രചാരണ പരിപാടികളാണ് എല്ലാ ജില്ലകളിലും ക്യാംപസുകളിലുമായി നടത്തുന്നത്. ഈ വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം, പോസ്റ്റർ പ്രദർശനം, ഹ്രസ്വചിത്രനിർമാണം, കലാ സൃഷ്ടികളുടെ അവതരണം, ഓപ്പൺ ഫോറം, സിംപോസിയം എന്നിവ നടത്തും.

സ്ത്രീ ശരീരം അശുദ്ധമല്ലെന്നും മനുഷ്യവർഗത്തിന്റെ നിലനിൽപ്പ് തന്നെ ആർത്തവമെന്ന ജൈവപ്രക്രിയയെ ആശ്രയിച്ചിരിക്കുന്നെന്നും സമൂഹത്തെ ഒരിക്കൽകൂടി ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നു ശൈലജ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വനിതാ ശിശുവികസന ഉദ്യോഗസ്ഥരുടെയും വനിതാ സംഘടനകളുടെയും യോഗം പരിപാടിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു. വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡയറക്ടർ ഷീബ ജോർജ്, നിർഭയ സെൽ സ്റ്റേറ്റ് കൺവീനർ നിശാന്തിനി, ജെൻഡർ അഡ്വൈസർ ടി.കെ. ആനന്ദി, വനിതാ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.