Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംപാനൽ കണ്ടക്ടർമാരെ ഒരാഴ്ചയ്ക്കകം പിരിച്ചുവിടണം: ഹൈക്കോടതി

Kerala-High-Court-3

കൊച്ചി ∙ കെഎസ്ആർടിസിയിൽ നിശ്ചിത സേവനമില്ലാത്ത എംപാനൽ കണ്ടക്ടർമാരെ ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചുവിടണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. റിസർവ് കണ്ടക്ടർ നിയമനത്തിനു പിഎസ്‌സി അഡ്വൈസ് ചെയ്തവർക്കു ജോലി നൽകാനാണിത്. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയെടുത്ത് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം കെഎസ്ആർടിസി ഉദ്യോഗസ്ഥർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നു ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകി. കേസ് 17 നു വീണ്ടും പരിഗണിക്കും.

10 വർഷം സേവനം പൂർത്തിയാക്കിയവരും വർഷത്തിൽ കുറഞ്ഞത് 120 ഡ്യൂട്ടി ചെയ്തവരുമായ എംപാനൽ കണ്ടക്ടർമാരെ സർവീസിൽ ക്രമപ്പെടുത്താൻ 2013 നവംബർ 21നു സർക്കാർ ഉത്തരവിട്ടിരുന്നു. ഇതു ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചതാണെന്നു കോടതി ചൂണ്ടിക്കാട്ടി. 2013 മേയ് 9 ലെ പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രകാരം ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത ശേഷം മേൽപറഞ്ഞ ഗണത്തിൽപ്പെടാത്തവർക്കു തസ്തികയിൽ തുടരാനാവില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

4000 പേരെ ബാധിക്കും

നാലായിരത്തോളം എംപാനൽ കണ്ടക്ടർമാരെയാണ് ഈ വിധി ബാധിക്കുക. പക്ഷേ, പിഎസ്‌സി ലിസ്റ്റിൽ നിന്ന് അത്രയും പേർക്കു നിയമനം ലഭിക്കുമെന്ന് ഇതിന് അർഥമില്ല. എംപാനലുകാർ സ്ഥിരം തസ്തികയിൽ പ്രവർത്തിക്കുന്നവരല്ല എന്നതാണു കാരണം. കെഎസ്ആർടിസി നൽകിയ സത്യവാങ്മൂലം അനുസരിച്ച് 4275 എംപാനൽ കണ്ടക്ടർമാരാണുള്ളത്. 10 വർഷം സേവനം പൂർത്തിയാക്കിയവരിൽ കുറേ പേരെ ക്രമപ്പെടുത്തി; ചിലരുടെ സ്ഥിരപ്പെടുത്തൽ നിയമനടപടികളിൽ കുരുങ്ങുകയും ചെയ്തു.

related stories