Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം ചോർത്തലിന് പുതുവഴി; ‌അന്വേഷണത്തിന് ഉത്തരവ്

ATM ATM

കോട്ടയം ∙ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു നേരിട്ടു പണം ചോർത്തുന്ന ഓൺലൈൻ തട്ടിപ്പു സംഘങ്ങളെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചു. ആദ്യ തട്ടിപ്പു കണ്ടെത്തിയ ശേഷം എടിഎം കാർ‍ഡ് ഇടപാടുകാർ ബ്ലോക്കു ചെയ്താലും പണം ചോർ‍ത്തുന്നതാണു പുതിയ രീതി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘങ്ങളെ കുറിച്ചു സൈബർ സെൽ അന്വേഷണത്തിനു സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.

കോട്ടയം ജില്ലയിലെ രണ്ടു കോളജ് അധ്യാപകർക്കാണു പലപ്പോഴായി പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഇവർ ബാങ്കിൽ അറിയിച്ചു എടിഎം കാർഡ് ബ്ലോക്കു ചെയ്തെങ്കിലും വീണ്ടും അര ലക്ഷത്തോളം രൂപ പോയി. ഇതോടെ  ഇവരിൽ ഒരാൾ ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിനു പരാതി നൽകി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു മറ്റൊരു  അധ്യാപകനും പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടു നിർജീവമാക്കിയില്ലെങ്കിൽ ഇനിയും പണം നഷ്ടപ്പെടുമെന്നാണു ആശങ്ക.

ആദ്യ തട്ടിപ്പിൽ അര ലക്ഷം രൂപ ഇരുവർക്കും നഷ്ടപ്പെട്ടു. എന്നാൽ എടിഎം  ബ്ലോക്കു ചെയ്ത ശേഷം വീണ്ടും 40000 രൂപ നഷ്ടപ്പെട്ടു. ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത് ബാങ്ക് ഓൺലൈൻ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതാണു പുതിയ രീതി. ബാങ്കിൽ നിന്നെന്ന പേരിൽ സംഘം ഇടപാടുകാരെ വിളിച്ചു. ഉടമയുടെ പേരും കാർഡു നമ്പറും കൃത്യമായി പറഞ്ഞ ശേഷം അപ്ഡേറ്റു ചെയ്യുന്നതിനായി നിർദേശങ്ങൾ പാലിക്കണമെന്നു സംഘം അറിയിച്ചു.

തുടർന്നു തങ്ങളുടെ മൊബൈലിൽ എത്തിയ ഒടിപി നമ്പർ‍ തട്ടിപ്പു സംഘം നിർ‍ദേശിച്ച നമ്പറിലേക്കു ഇടപാടുകാർ അയച്ചു. ഇതോടെ തട്ടിപ്പു സംഘത്തിന്റെ നമ്പറും ഇടപാടുകാരുടെ അക്കൗണ്ടുമായി ബന്ധിക്കപ്പെട്ടുവെന്നു ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ഇടപാടുകാർ അറിയാതെ ബാങ്കിൽ നിന്നു സംഘം ആവശ്യാനുസരണം പണം എടുത്തു. എടിഎം കാർഡ് ഉടമകളുടെ ഡാറ്റാബേസ് സംഘത്തിന്റെ പക്കൽ എത്തിയതായി പൊലീസിനു സംശയമുണ്ട്. അക്കൗണ്ടുകളിലെ വ്യവഹാരങ്ങൾ നിരീക്ഷിക്കാൻ ബാങ്കുകൾക്കും ഉടമകൾക്കും പൊലീസ് നിർദേശം നൽകി.

related stories