Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ നിരോധനാജ്ഞയിൽ അപാകതയെന്തെന്ന് ഹൈക്കോടതി

high-court-kerala

കൊച്ചി ∙ ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിൽ എന്താണ് അപാകതയെന്നു ഹൈക്കോടതിയുടെ ചോദ്യം. ഭക്തർക്ക് അവിടെ പ്രശ്നമില്ലെന്നും കഴിഞ്ഞ ദിവസം 80,000 പേർ സന്ദർശിച്ചുവെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക പാനൽ അറിയിച്ചതായി കോടതി വാദത്തിനിടെ പറഞ്ഞു. നിരോധനാജ്ഞ ഏർപ്പെടുത്തിയതു ചോദ്യം ചെയ്ത് ബി. ശ്രീനിവാസൻ നൽകിയതുൾപ്പെടെ ഹർജികൾ കോടതിയിലുണ്ട്. നിരോധനാജ്ഞ ബുദ്ധിമുട്ടുണ്ടാക്കുമെന്ന മുൻവിധിയുടെ ആവശ്യമില്ലെന്ന് ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാദത്തിനിടെ പരാമർശിച്ചു. കേസ് പിന്നീടു പരിഗണിക്കും.

ശബരിമലയിൽ ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷയും ക്രമസമാധാനവും പൊതുസുരക്ഷയും മുൻനിർത്തിയാണു നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നു സർക്കാർ അറിയിച്ചു. ഇത് ഭക്തരെയോ അവരുടെ വാഹന നീക്കത്തെയോ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്ന് പത്തനംതിട്ട എഡിഎം പി.ടി. ഏബ്രഹാം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പ്രതിഷേധ മാർച്ച്, അനധികൃത സംഘംചേരൽ, പ്രതിഷേധത്തിനായുള്ള കൂട്ടപ്രാർഥന എന്നിവയ്ക്കാണു നിരോധനാജ്ഞ ബാധകം. ദർശനത്തിനെത്തുന്ന സംഘങ്ങൾക്കു ശരണംവിളിക്കാൻ തടസ്സമില്ല. ശരണമന്ത്രം മുദ്രാവാക്യമാക്കിയും അന്യായമായി സംഘം ചേർന്നും ഭക്തർക്കു തടസ്സമുണ്ടാക്കുമ്പോൾ മാത്രമാണ് ഇടപെടാറുള്ളത്.

ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതു  മൗലികാവകാശങ്ങളുടെ ലംഘനമല്ല. മതാനുഷ്ഠാനങ്ങൾക്ക് ഒരു തരത്തിലും ഇത് തടസ്സമല്ല. ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നും അവരെ തടയുന്നതു മൗലികാവകാശ ലംഘനമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്ന പ്രതിഷേധക്കാരെ തടയാനാണു നിരോധനാജ്ഞ. ദർശനത്തിനെത്തുന്ന ഭക്തർക്കു തടസ്സങ്ങളില്ല. ഇൗ മണ്ഡലകാലത്ത് ഡിസംബർ 4 രാവിലെ വരെ 6,92,641 തീർഥാടകരെത്തി. ഏറെയും സംഘങ്ങളായാണു വന്നത്. 1,22,942 ചെറുവാഹനങ്ങളിലും 16,402 ഇടത്തരം വാഹനങ്ങളിലും 4,573 വലിയ വാഹനങ്ങളിലും 2,806 കെഎസ്ആർടിസി സർവീസുകളിലുമാണ് ഇത്രയും പേരെത്തിയത്. സുപ്രീംകോടതിയുടെ യുവതീപ്രവേശ വിധിക്കെതിരെ പ്രതിഷേധം കടുത്തപ്പോൾ പൊലീസ് റിപ്പോർട്ടും മറ്റു സാഹചര്യങ്ങളും  ബോധ്യപ്പെട്ട ശേഷമാണു നിരോധനാജ്ഞ ഏർപ്പെടുത്തിയത്. പിന്നീട് ഓരോ ഘട്ടത്തിലും പൊലീസിന്റെ അഭ്യർഥന മാനിച്ചാണു നീട്ടിയതെന്നും വിശദീകരിച്ചു.

പ്രതിഷേധങ്ങൾക്ക് എതിരെ ഹർജി

കൊച്ചി ∙ ശബരിമല ക്ഷേത്ര പരിസരങ്ങൾ പ്രതിഷേധങ്ങൾക്കുള്ള വേദിയാക്കാൻ അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി വിശദീകരണ പത്രിക നൽകാമെന്നു സർക്കാർ അറിയിച്ചു. തൃശൂർ മാളയിലെ പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് കർമചന്ദ്ര‍ൻ സമർപ്പിച്ച ഹർജിയാണു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.