Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി ഉത്തരവ്‍: 4000 പേർക്ക് ജോലി പോകും; പകരം അത്രപേർക്ക് കിട്ടില്ല

conductor

കൊച്ചി ∙ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി നാലായിരത്തോളം എംപാനൽ കണ്ടക്ടർമാരെയാണു ബാധിക്കുന്നത്. പക്ഷേ, പിഎസ്‌സി ലിസ്റ്റിൽ നിന്ന് അത്രയും പേർക്കു നിയമനം ലഭിക്കുമെന്ന് ഇതിന് അർഥമില്ല. എംപാനൽ ലിസ്റ്റിലുള്ളവർ  സ്ഥിരം ഒഴിവുകളിൽ  പ്രവർത്തിക്കുന്നവരല്ല എന്നതാണു കാരണം.

സിംഗിൾ ബെഞ്ചിൽ കെഎസ്ആർടിസി നൽകിയ സത്യവാങ്മൂലം അനുസരിച്ച് 4275 എംപാനൽ കണ്ടക്ടർമാരാണുള്ളത്. 10 വർഷം സേവനം പൂർത്തിയാക്കിയവരിൽ കുറെപേരെ ക്രമപ്പെടുത്തി; ചിലരുടെ സ്ഥിരപ്പെടുത്തൽ നിയമനടപടികളിൽ കുരുങ്ങുകയും ചെയ്തു. ബാക്കി നാലായിരത്തോളം പേരെയാണ് ഇപ്പോഴത്തെ വിധി ബാധിക്കുക.

എംപാനലുകാർ കയ്യടക്കിയിരിക്കുന്നത് തങ്ങൾക്കു കിട്ടേണ്ട ഒഴിവുകളാണെന്ന് പിഎസ്‌സി ലിസ്റ്റിലുള്ളവർ വാദിക്കുന്നു. അതേസമയം അടിയന്തര സാഹചര്യങ്ങൾക്കായി എംപാനൽ ലിസ്റ്റ് സൂക്ഷിക്കുന്നു എന്നല്ലാതെ അത്രയും ഒഴിവുകളില്ലെന്ന  വാദമാണു സിംഗിൾ ബെഞ്ചിൽ കെഎസ്ആർടിസി ഉന്നയിച്ചത്. കണ്ടക്ടർ, ഡ്രൈവർ, വർക്ക്ഷോപ് ജീവനക്കാർ തുടങ്ങിയവരുടെ ലിസ്റ്റും ഇങ്ങനെ സൂക്ഷിക്കാറുണ്ടെന്നും അവധിയും മറ്റുമായി സ്ഥിരം ജീവനക്കാർ ഇല്ലാതെ വരുമ്പോൾ ഇവരുടെ സേവനം വിനിയോഗിക്കുമെന്നുമാണു കെഎസ്ആർടിസി വാദിച്ചത്.

നിലവിലില്ലാത്ത തസ്തികയിൽ പിഎസ്‌സി ലിസ്റ്റിലുള്ളവർക്കു നിയമനം അവകാശപ്പെടാനാവില്ലെന്നും എംപാനലുകാർ കയ്യടക്കിയ ഒഴിവുകളിൽ നിയമിക്കണമെന്നു ഹർജിക്കാർ പറയുന്നെങ്കിലും രേഖകൾ പ്രകാരം അത്തരം ഒഴിവുകൾ നിലവിലില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി. ഇതിനെതിരെയുള്ള അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇപ്പോഴത്തെ പിരിച്ചുവിടൽ വിധി. 

കേസും അപ്പീലും

കെഎസ്ആർടിസി റിസർവ് കണ്ടക്ടർ നിയമനത്തിന് 2010ലാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. പിഎസ്‌സിയുടെ അഡ്വൈസ് മെമ്മോ കിട്ടിയിട്ടും നിയമനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാർഥികളാണു കോടതിയിലെത്തിയത്. തങ്ങൾക്കു ലഭിക്കേണ്ട ഒഴിവുകൾ എംപാനലുകാർ കയ്യടക്കിയിരിക്കുന്നു എന്നായിരുന്നു വാദം. ഈ ഹർജി സിംഗിൾ ജഡ്ജി തള്ളി. ഇതിനെതിരെ പാലക്കാട് സ്വദേശി ആന്റണി സ്റ്റിജോ തുടങ്ങിയവർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.

പിരിച്ചുവിടാനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം ∙ കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയമിച്ച നാലായിരത്തോളം എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിയെ കെഎസ്ആർടിസി മാനേജ്മെന്റ് എതിർക്കില്ല. ജീവനക്കാരെ കുറച്ചാൽ പ്രവർത്തനലാഭം നേടാമെന്ന കണക്കുകൂട്ടലിനിടയിലാണ് കോടതി ഉത്തരവ്. ഒഴിവില്ലെങ്കിൽ നിയമനം നടത്തേണ്ടതില്ലെന്നു മറ്റൊരു വിധിയിൽ കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പിരിച്ചുവിട്ടവർക്കു പകരം മറ്റുള്ളവർക്കു നിയമനം നൽകില്ല. നേരത്തേ ഒരു ബസിന് 9 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 6.44 ആയി. ഒരു ബസിന് 5 ജീവനക്കാർ മതിയെന്നാണ് മാനേജ്മെന്റിന്റെ കണ്ടെത്തൽ. ഇതേസമയം, നാലായിരത്തോളം കണ്ടക്ടർമാരെ ഒരുമിച്ചു പിരിച്ചുവിടേണ്ടിവരുന്ന സാഹചര്യം ഉണ്ടായിരിക്കെ, സർക്കാ‍ർ സ്വീകരിക്കുന്ന നിലപാടാണു നിർണായകമാവുക.

∙ 'ഹൈക്കോടതി വിധിയെ എതിർക്കില്ല. ഏതു കാലഘട്ടത്തിലെ നിയമനങ്ങൾ മുതലാണു ബാധിക്കുകയെന്നു വ്യക്തമല്ല. കേസ് അടുത്തതവണ പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത തേടും.' – ടോമിൻ ജെ. തച്ചങ്കരി, കെഎസ്ആർടിസി എംഡി

related stories