Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങൾക്ക് അവധി നൽകൂ: ഗവർണർ

Governor P. Sathasivam മലയാള മനോരമയും മനോരമ ന്യൂസ് ചാനലും ഫെഡറൽ ബാങ്കിന്റെ പിന്തുണയോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വികസന ഉച്ചകോടി–‘കേരളം നാളെ’– ഉദ്ഘാടനം ചെയ്തശേഷം ഗവർണർ ജസ്റ്റിസ് പി.സദാശിവം വേദിയിൽ. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും സോണൽ മേധാവിയുമായ വി.വി അനിൽകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, ശശി തരൂർ എംപി, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു എന്നിവർ സമീപം. ചിത്രം: മനോരമ.

രാഷ്ട്രീയ നേതാക്കൾ വിവാദങ്ങൾക്ക് അവധി നൽകി പ്രളയാനന്തര കേരള സൃഷ്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ഗവർണർ പി. സദാശിവം. വലിയ ദുരന്തത്തിൽ അകപ്പെട്ടുപോയ നാടിനെ പുനർനിർമിക്കാൻ എല്ലാവരും യോജിക്കണം.

കഴിഞ്ഞ ഒരുമാസമായി തുടരുന്ന വിവാദങ്ങളിൽ താൻ ദുഃഖിക്കുന്നു. എല്ലാവരും ഒരുമിച്ചിരുന്നു നവകേരള സൃഷ്ടിക്കുള്ള മുൻഗണനാക്രമം നിർണയിക്കണം. പ്രവർത്തനം തുടങ്ങിയാൽ പണം പിന്നാലെ എത്തിക്കൊള്ളും. കേന്ദ്ര സർക്കാർ വേണ്ടത്ര സാമ്പത്തിക പിന്തുണ നൽകുമെന്നു വിശ്വാസമുണ്ടെന്നും ‘കേരളം നാളെ’ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ ഗവർണർ പറഞ്ഞു.

റോഡുകൾ ഉൾപ്പെടെയുള്ളവ ഇനിയൊരു പ്രകൃതി ദുരന്തത്തിലും തകരില്ലെന്ന് ഉറപ്പാക്കുന്ന നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. കാലാവസ്ഥാ വ്യതിയാനവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുത്തുള്ള നഗരാസൂത്രണം വേണം. പ്രളയം നൽകിയ തിരിച്ചറിവുകൾ ഉൾക്കൊണ്ട് ജൈവവൈവിധ്യ സംരക്ഷണത്തിനും സംയോജിത ജലവിതരണ സംവിധാനത്തിനും ഊന്നൽ നൽകിയുള്ള പദ്ധതികൾ വേണം.

മികച്ച കാലാവസ്ഥയും വിദ്യാഭ്യാസമുള്ള പൗരന്മാരും കഠിനാധ്വാനികളായ തൊഴിലാളികളും കൈമുതലായുള്ള കേരളത്തിന് ഒട്ടേറെ സാധ്യതകളുണ്ട്. നാലു വർഷത്തിലേറെയായി ഇവിടെ പ്രവർത്തിക്കുന്ന തനിക്ക് ഈ ജനത ഓരോ കാര്യത്തിലും കാഴ്ചവച്ച ഗുണപരമായ സമീപനങ്ങൾ വിസ്മരിക്കാനാവില്ല. കേരളസമൂഹം ഒരുമിച്ചുനിന്നു നടത്തിയ പ്രളയരക്ഷാപ്രവർത്തനം രാജ്യത്തിനുതന്നെ മാതൃകയാണ്.

സമൂഹമാധ്യമങ്ങളുടെ സാധ്യതയെ അങ്ങേയറ്റം മികച്ച രീതിയിൽ വിനിയോഗിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏകമനസ്സോടെ നിന്ന യുവതലമുറയും വലിയ പ്രത്യാശ നൽകുന്നു. രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരും വലിയ പങ്കു വഹിച്ചിട്ടുണ്ട്. വരുമാനസ്രോതസ്സായ പരസ്യങ്ങൾ പോലും മാറ്റിവച്ചാണു കേരളത്തെ രക്ഷിക്കാൻ മാധ്യമങ്ങൾ അന്നു ജാഗ്രത പാലിച്ചതെന്നും ഗവർണർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.