Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം തട്ടാൻ വീണ്ടും ശ്രമം; അക്കൗണ്ട് വിവരങ്ങൾ ചോർന്നതായി സംശയം

cyber crime

കോഴഞ്ചേരി ∙ വിരമിച്ച കോളജ് അധ്യാപകരുടെയും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടാൻ ശ്രമം. അധ്യാപകർക്കും വിരമിച്ചവർക്കും ട്രഷറി വഴി എസ്ബിഐ അക്കൗണ്ടിലേക്കാണ് ശമ്പളവും പെൻഷനും എത്തുന്നത്. ഇവിടെ എവിടെയോ നിന്ന് അക്കൗണ്ട് വിവരങ്ങളും മറ്റും ചോർന്നതായാണ് സംശയം. തട്ടിപ്പ് സംഘം കോളജ് അധ്യാപകരെയും വിരമിച്ച അധ്യാപകരെയും മാത്രം ലക്ഷ്യം വയ്ക്കുന്നത് ഈ സംശയം ബലപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഇരുപത്തഞ്ചിലേറെ അധ്യാപകർക്ക് ഒടിപി നമ്പർ ചോദിച്ച് ഫോൺ വിളികൾ വന്നിരുന്നു. ഇതു കൂടാതെയാണ് ഇതേ കോളജിൽനിന്നു വിരമിച്ച പത്തിലധികം അധ്യാപകരുടെ ഫോണിലേക്ക് എസ്ബിഐയുടേത് എന്ന രീതിയിൽ സന്ദേശം എത്തിയത്. കഴിഞ്ഞ ദിവസം വിളിച്ച 6297354801 എന്ന നമ്പറിൽ നിന്നാണ് സന്ദേശവും വന്നിരിക്കുന്നത്. എടിഎം കാർഡ് ബ്ലോക്കായി എന്നും പുനഃസ്ഥാപിക്കുന്നതിനായി തന്നിരിക്കുന്ന ലിങ്ക് വിലാസത്തിലേക്ക് അക്കൗണ്ട് ഉടമയുടെ കെവൈസി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുമാണ് സന്ദേശം.

അക്കൗണ്ട് നമ്പറിന്റെ സ്ഥാനത്ത് മുഴുവനും ഇംഗ്ലിഷ് അക്ഷരം എക്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബാങ്കിൽ നിന്നുള്ള സന്ദേശങ്ങളിൽ അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്കമോ ആറക്കമോ ഉണ്ടാകാറുണ്ട്. എന്നാൽ ഈ സന്ദേശത്തിൽ അക്കൗണ്ട് നമ്പർ സൂചിപ്പിക്കുന്ന ഒരക്കവുമില്ല. ചിലരെ ഈ നമ്പറിൽ നിന്നുതന്നെ തിരുവനന്തപുരം എസ്ബിഐ ഓഫിസിൽ നിന്ന് സുബ്രഹ്മണ്യൻ ആണെന്നും ശ്രീനിവാസൻ ആണെന്നും പറഞ്ഞാണ് വിളിച്ചത്. ഇംഗ്ലിഷിലാണ് സംസാരം. തിരുവനന്തപുരത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ മലയാളത്തിൽ സംസാരിച്ചുകൂടേയെന്ന് ചോദിച്ചവരോട് ഇംഗ്ലിഷിൽ അസഭ്യം പറഞ്ഞതായും അധ്യാപകർ പറഞ്ഞു.

related stories