Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് കേന്ദ്രാനുമതി; ജർമനി തരും, 784 കോടി

paper-cutting

തിരുവനന്തപുരം∙ കേരളത്തിന്റെ പുനർനിർമാണത്തിനു  കുറഞ്ഞ പലിശനിരക്കിൽ 720 കോടി രൂപ വായ്പ നൽകാൻ ജർമനിക്കു  കേന്ദ്രസർക്കാരിന്റെ അനുമതി. ഇതിനു പുറമെ മണ്ണിന്റെ ഗുണമേന്മ വർധിപ്പിക്കാനുള്ള പദ്ധതിക്ക് 40 കോടി രൂപയും സാങ്കേതിക സഹായം ലഭ്യമാക്കാൻ 24 കോടി രൂപയും നൽകുമെന്നു ജർമൻ അംബാസഡർ മാർട്ടിൻ നൈ അറിയിച്ചു.

കാലാവസ്ഥാ മാറ്റങ്ങളെത്തുടർന്നുള്ള ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അടിസ്ഥാന ഗതാഗതസൗകര്യങ്ങൾ ഒരുക്കാനാണ് ജർമൻ വികസന ബാങ്ക് ആയ കെഎഫ്‍ഡബ്ല്യു വഴി വായ്പ നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചു. കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കാനാണ് 24 കോടി രൂപ. മണ്ണിന്റെ ഗുണം നഷ്ടമായ 43 നീർത്തടങ്ങളുടെ വികസനം വഴി കൃഷിക്കാരെ സഹായിക്കാൻ 40 കോടി രൂപയുടെ പദ്ധതി അടുത്ത വർഷം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഊർജ മേഖലയിൽ കേരളവുമായി സഹകരിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ കാരാപ്പുഴ, പാലക്കാട്ടെ മലമ്പുഴ ഡാമുകളിൽ ഒഴുകുന്ന സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാനും സാമ്പത്തിക സഹായം നൽകും. പദ്ധതിയുടെ പഠനം ഉടൻ പൂർത്തിയാകും. ആവശ്യമെങ്കിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കും. സംസ്ഥാനസർക്കാരിന്റെ മേൽക്കൂര സൗരോർജ പദ്ധതികൾക്കും സഹായം നൽകാൻ ജർമനി തയാറാണെന്നും മാർട്ടിൻ നൈ അറിയിച്ചു. കൊച്ചി സ്മാർട് സിറ്റിയുടെ ഇന്നവേഷൻ ലാബ് 10ന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ജർമൻ കോൺസുൽ ജനറൽ ഡോ. സെയ്ദ് ഇബ്രാഹിം, ബെംഗളൂരു ഡെപ്യൂട്ടി കോൺസുൽ ജനറൽ കാൾ ഫിലിപ്പ് എൽഡിങ് എന്നിവരും പങ്കെടുത്തു.

വാട്ടർ മെട്രോയ്ക്ക് 940 കോടി

കൊച്ചിയെ സ്മാർട് സിറ്റിയായി വികസിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള സംയോജിത വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ ജർമനി 940 കോടി രൂപയുടെ സഹായം  നൽകും. ലോകബാങ്ക്, എഡിബി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 15 റൂട്ടുകളിലായി  41 ബോട്ടുജെട്ടികളും 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന 76 കിലോമീറ്റർ ശൃംഖലയും രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ദിവസേന ഒരു ലക്ഷം യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതി 2035-ൽ പൂർത്തിയാകും. 78 ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിന് ഉപയോഗിക്കുക. രണ്ടുവർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും. 

related stories