Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവമോർച്ച മാർച്ചിൽ സംഘർഷം; നേതാക്കളടക്കം നാലുപേർക്ക് പരുക്ക്

yuvamorcha നിരാഹാരമനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.

തിരുവനന്തപുരം ∙ ശബരിമലയിലെ നിരോധനാജ്‍ഞ പിൻവലിക്കുക, നിരാഹാരമനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജന​റൽ സെക്രട്ടറി എ. എ​ൻ. രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ ക്ലിഫ് ഹൗസ് മാർച്ചി‍ൽ സംഘർഷം. സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ നാലു പേർക്കു പരുക്ക്.

ഇന്നലെ പന്ത്രണ്ടരയോടെ കവടിയാർ വിവേകാനന്ദപാർക്കിനു മുന്നിൽ ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ജംക്‌ഷനു സമീപം ബാരിക്കേഡ് ഉപയോഗിച്ചു പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെതുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നാലു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിൻതിരിയാത്തതിനാൽ കണ്ണീർവാതകം പ്രയോഗിച്ചു. നാലുപ്രവർത്തകർക്കു പരുക്കേറ്റു. ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ര‍ഞ്ജിത്ത് ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ്, ജില്ലാ കൺവീനർ മഞ്ജിത്ത്, സംസ്ഥാന സെക്രട്ടറി അജി തോമസ് എന്നിവർക്കാണു പരുക്കേറ്റത്. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് , പി.കെ. കൃഷ്ണദാസ്, പാപ്പനംകോട് സജി, പൂന്തൂറ ശ്രീകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി പ്രവർത്തകരെ പിൻതിരിപ്പിച്ചു.

തുടർന്നു നടന്ന ധർണ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ വിജയം വിശ്വാസികൾക്കായിരിക്കും. സിപിഎമ്മും കമ്യൂണിസ്റ്റു പാർട്ടിയും ശബരിമലയെ നശിപ്പിക്കാൻ ശ്രമിച്ചാൽ മനസിലാക്കാം. എന്നാൽ സർക്കാർ തന്നെ ശബരിമലയ്ക്കെതിരെ പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നു. കാൾ മാർക്സ് നഷ്ടകച്ചവടമാണെന്നു മനസിലാക്കിയതോടെ വനിതാമതിലെന്ന പേരിൽ അമ്മമാരെ ഉപയോഗിച്ച് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിനു പിന്നാലെ വീണ്ടും പ്രവർത്തകർ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പൊലീസ് ഇതു തടഞ്ഞതോടെ പിൻനിരയിൽ നിന്നു കല്ലേറ് ആരംഭിച്ചു. നേതാക്കൾ ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. സമാധാനപരമായി സമരം നടത്തിയവരെ പൊലീസ് മർദിച്ചതായി ആരോപിച്ച് നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി. പി.കെ.കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ അനുരാജ്, രഞ്ജിത്ത് ചന്ദ്രൻ, രാഗേന്ദു തുടങ്ങിയവർ നേതൃത്വം നൽകി