Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറവം പള്ളി: വിധി നടപ്പാക്കാൻ സഭകൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

പിറവം∙ വലിയ പള്ളിയെ സംബന്ധിച്ച സുപ്രീം കോടതി വിധി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് ഓർത്തഡോക്സ് –യാക്കോബായ സഭാ നേതൃത്വങ്ങൾ സഹകരിക്കണമെന്ന് കലക്ടർ മുഹമ്മദ് സഫിറുല്ല ആവശ്യപ്പെട്ടു. രണ്ടു വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലായിരുന്നു കലക്ടറുടെ പ്രതികരണം. വിധി നടപ്പാക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ 11ന് വിശദീകരണം നൽകണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.

ഹൈക്കോടതിയിൽ നിന്നുണ്ടാകുന്ന നിർദേശമനുസരിച്ച് സമാധാനപരമായി നടപടികൾ പൂർത്തിയാക്കുന്നതിന് ഇരു വിഭാഗവും സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. സുപ്രീം കോടതി വിധി വന്നിട്ട് 7 മാസത്തോളമായതായി ഓർത്തഡോക്സ് സഭാംഗങ്ങൾ ചൂണ്ടിക്കാട്ടി. ബാലിശമായ വാദങ്ങൾ നിരത്തി വിധി നടപ്പാക്കുന്നത് ഇനിയും വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. തങ്ങൾ സംഘർഷത്തിനില്ലെന്നും സഭയുടെ കണ്ടനാട് ഇൗസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേൽ വിശദമാക്കി.

അതേ സമയം സുപ്രീം കോടതി വിധിയിൽ അധികാര കൈമാറ്റം സംബന്ധിച്ച് വ്യക്തമായ നിർദേശമില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി. പൊലീസ് തിരക്കിട്ട് ബലപ്രയോഗത്തിലൂടെ തങ്ങളെ പുറത്താക്കുന്നതിനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ് പറഞ്ഞു. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഹിമേന്ദ്ര നാഥും യോഗത്തിൽ പങ്കെടുത്തു.

യാക്കോബായ സഭയുടെ പ്രാർഥനാ യജ്ഞം

പിറവം∙ വലിയ പള്ളിയിൽ കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണത്തിനു പിന്നാലെ  യാക്കോബായ സഭയുടെ നേതൃത്വത്തിൽ പള്ളിക്കുള്ളിൽ അഖണ്ഡ പ്രാർഥനാ യജ്ഞം ആരംഭിച്ചു. ഇന്നലെ വൈകിട്ട് ആരംഭിച്ച പ്രാർഥനയ്ക്ക്  ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഐസക് മാർ ഒസ്താത്തിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർ നേതൃത്വം നൽകി. സഭയിലെ വൈദികരും വിശ്വാസികളും പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിലും പ്രാർഥനായജ്ഞം തുടരുമെന്ന് നേതൃത്വം അറിയിച്ചു. വെള്ളിയാഴ്ച രാത്രി പള്ളിയുടെ പരിസരത്ത് പൊലീസ് ബാരിക്കേഡുകൾ ഇറക്കിയിരുന്നു. തുടർന്ന് പള്ളിയിലും ടൗണിലുമായി ഒട്ടേറെ വിശ്വാസികൾ തടിച്ചുകൂടി.