Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വിധി: ആശങ്ക പ്രകടമാക്കി അറ്റോർണി ജനറൽ

sabarimala-temple ശബരിമല ക്ഷേത്രത്തിൽ ഞായറാഴ്ച പതിനെട്ടാംപടി കയറുന്ന ഭക്തർ. ചിത്രം: രാഹുൽ ആർ. പട്ടം

ന്യൂഡൽഹി ∙ ഭരണഘടനാപരമായ ധാർമികതയിലൂന്നി ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതി പ്രസ്താവിച്ച വിധി നിയമങ്ങൾ പരീക്ഷിക്കാൻ ഉപയോഗിക്കപ്പെടുന്നുവോ എന്ന ആശങ്ക പ്രകടിപ്പിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. കഴിഞ്ഞ സെപ്റ്റംബർ 28ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 4:1 വിധിയാണ് പ്രസ്താവിച്ചത്. യുവതീ പ്രവേശത്തെ അനുകൂലിക്കാതിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി യാഥാർഥ്യത്തിലേക്കു വെളിച്ചം വീശുന്നതാണെന്നും ജെ. ദാദചൻജി സ്മാരക സംവാദത്തിൽ വേണുഗോപാൽ പറഞ്ഞു. 

ഓരോ വ്യക്തിക്കും വിശ്വാസപരമായ അവകാശമുണ്ടെന്നും അതിൽ മറ്റാർക്കും, കോടതിക്കുൾപ്പെടെ, ഇടപെടാനാവില്ലെന്നുമാണ് ഭരണഘടനാപരമായ ധാർമികത ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയിൽ പറയുന്നു. വിശ്വാസപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാവില്ല. അതേസമയം, മറ്റു ജഡ്ജിമാർ അവരുടെ തീരുമാനത്തെ ഭരണഘടനാപരമായ ധാർമികതിയിലൂന്നി സമത്വത്തിന്റെ പ്രശ്നമായി ന്യായീകരിക്കുന്നു. നിയമത്തിനു മുന്നിൽ സമത്വമെന്നത് ഏതു വിഭാഗത്തിൽ പെട്ട സ്ത്രീയെയും വേർതിരിക്കാതെ ഒന്നായി കാണുന്നതാണ്. ഇങ്ങനെ പരമോന്നത നീതിപീഠത്തിലെ ഒരേ ബെഞ്ച് ഭരണഘടനയുടെ ധാർമികതയെ തികച്ചും വ്യത്യസ്തമായ വിധം വ്യാഖ്യാനിച്ചു വിധി പറയുന്നത് അപകടകരമാണ്. ഈ ആശയ ഭിന്നത വരുംനാളുകളിൽ കൂടുതൽ സംഘർഷത്തിലേക്കു നീങ്ങിയേക്കാം. 

സുപ്രീം കോടതിക്ക് നിയമം നിർമിക്കാനാവില്ല. നിയമനിർമാണസഭകളുടെ അധികാരം പ്രയോഗിക്കാൻ സുപ്രീംകോടതി ശ്രമിക്കുന്നത് ഭരണഘടനയുടെ പരമാധികാരം സ്ഥാപിക്കലല്ല, മറിച്ച് സുപ്രീം കോടതിയുടെ പരമാധികാരം സ്ഥാപിക്കലാണ്. ഇത് അനുവദിക്കാനാവുന്നതല്ല – അറ്റോർണി ജനറൽ പറഞ്ഞു.