Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറവം പള്ളിത്തർക്കം: ഹൈക്കോടതിയിൽ ഹർജി

high-court-kerala-5

കൊച്ചി ∙ പിറവം പള്ളിത്തർക്കം സമാധാനപരമായി പരിഹരിക്കാൻ സർക്കാരിനും പൊലീസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭാംഗങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഇടവകക്കാരായ മത്തായി ഉലഹന്നാൻ, മത്തായി തൊമ്മൻ തുടങ്ങിയവരാണു ഹർജി നൽകിയത്

സുപ്രീംകോടതി വിധിയുടെ പേരിൽ ഇടവകക്കാർക്കെതിരെ ബലംപ്രയോഗിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ മുതിരരുതെന്ന് പൊലീസുദ്യോഗസ്ഥരോടു നിർദേശിക്കണമെന്നാണു വാദം. ആവശ്യമെങ്കിൽ 1934ലെ സഭാഭരണഘടന നിയമാനുസൃതം ഭേദഗതി ചെയ്തും അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കാവുന്നതാണെന്ന്, സുപ്രീംകോടതി 2017 ജൂലൈയിലെ ‘കെ. എസ്. വർഗീസ് കേസ്’ വിധിയിൽ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷമായവർ സുപ്രീംകോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ഭൂരിപക്ഷത്തിന്റെ ഭരണഘടനാവകാശങ്ങൾ നിഷേധിക്കാൻ ശ്രമിക്കുന്നുവെന്നാണു ഹർജിയിലെ ആരോപണം. മതകർമങ്ങൾ തടസ്സമില്ലാതെ അനുഷ്ഠിക്കാൻ ഇടവകക്കാർക്ക് അവകാശമുണ്ട്. സുപ്രീംകോടതി വിധിയുടെ പേരിൽ പൊലീസ് ഉൾപ്പെടെ അധികാരികൾ സ്വീകരിക്കുന്ന നടപടികൾ ഇടവകക്കാരുടെ മതാനുഷ്ഠാനങ്ങൾക്കും സ്വത്തുക്കളുടെ സംരക്ഷണത്തിനും തടസ്സമാണ്. പള്ളിപ്പരിസരത്ത് സമാധാനാന്തരീക്ഷം നിലനിർത്താനും മതാനുഷ്ഠാനങ്ങൾക്കു തടസ്സമില്ലാതിരിക്കാനും സർക്കാർ ഇടപെടണം. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ മൂന്നിനു സർക്കാരിനു നൽകിയ നിവേദനത്തിൽ നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

സുപ്രീംകോടതി വിധിയനുസരിച്ച് തടസ്സമില്ലാതെ പിറവം പള്ളിയിൽ ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭാ വികാരി നൽകിയ ഹർജി കോടതി ഇന്നത്തേക്കു മാറ്റിയിരുന്നു. ചില കേസുകളിൽ വൻതോതിൽ പൊലീസിനെ നിയോഗിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുപ്രീംകോടതി ഉത്തരവു നടപ്പാക്കുന്ന സർക്കാർ, പള്ളിക്കേസിൽ അതു ചെയ്യാത്തത് എന്താണെന്നു കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.