Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾ വനിതാ മതിലിൽ അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ മനുഷ്യാവകാശവും ഭരണഘടനയും സംരക്ഷിക്കാൻ കേരളത്തിലെ സ്ത്രീകൾ വനിതാ മതിലിൽ അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ ശിശു വികസന വകുപ്പിന്റെ 'സധൈര്യം മുന്നോട്ട്' പദ്ധതിയുടെ ഭാഗമായി സ്ത്രീ – ആർത്തവം–പൗരാവകാശം പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല വിധിയിൽ തുടങ്ങിയ ഒളിയാക്രമണം പരസ്യമായിരിക്കുകയാണ്. ആർത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങൾ സവർണ മൂല്യങ്ങൾ പുനഃസ്ഥാപിക്കാനുള്ള ചിലരുടെ ഗൂഢനീക്കങ്ങളുടെ ഭാഗമാണ്.  സാമൂഹിക അനാചാരങ്ങളോടു പടവെട്ടിയാണ് കേരളം നവോത്ഥാനം യാഥാർഥ്യമാക്കിയത്. വിശ്വാസികളായ സ്ത്രീകളെ ആചാരങ്ങളുടെ പേരു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയാണ്. അതിലും ഖേദകരമാണ് തങ്ങൾ മാറ്റി നിർത്തപ്പെടേണ്ടവരാണെന്ന് ഒരു വിഭാഗം ചിന്തിക്കുന്നത്. ആ മനോഭാവത്തിൽ നിന്നു സ്ത്രീകളെ മോചിപ്പിക്കുകയാണ്  പ്രചാരണ ഉദ്ദേശ്യം. നവോത്ഥാന മൂല്യങ്ങളെ തകർക്കാനുള്ള ശ്രമം സർക്കാർ ചെറുത്തു തോൽപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടു  സ്ത്രീകൾക്ക്  അയിത്തം കൽപ്പിക്കുന്നതു  പ്രാകൃതമാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ആസൂത്രണ കമ്മിഷൻ അംഗം മൃദുൽ ഈപ്പൻ, യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, നിർഭയ സംസ്ഥാന കോ–ഓർഡിനേറ്റർ എൻ.നിശാന്തിനി, സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.

related stories