Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎഎസ്‌: നിർദേശങ്ങളിൽ വ്യക്തത വരുത്തണമെന്നു പിഎസ്‌സി

PSC

തിരുവനന്തപുരം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസി (കെഎഎസ്) ലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി , അപേക്ഷകരുടെ പ്രായപരിധിയിലുള്ള ഇളവ് എന്നിവയടക്കമുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തണമെന്നു സർക്കാരിനോട് ആവശ്യപ്പെടാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തി വിജ്ഞാപനം ഇറക്കിയില്ലെങ്കിൽ പിന്നീടു കേസുകൾ വരുമെന്നതിനാലാണു പുതിയ തീരുമാനം.

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി മൂന്നു വർഷം വരെ നീളാറുണ്ടെങ്കിലും കെഎഎസ് റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമെന്നാണു സർക്കാർ നിർദേശം. കേന്ദ്ര സിവിൽ സർവീസിൽ കൃത്യമായ ഒഴിവുകളുടെ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്നതിനാൽ ഇത്തരം വ്യവസ്ഥകൾ പ്രായോഗികമാണ്. എന്നാൽ സംസ്ഥാനത്ത് ഇതിനു തടസ്സങ്ങളുണ്ടെന്നു പിഎസ്‌സി ചൂണ്ടിക്കാട്ടും. സംവരണത്തിനുള്ള റൊട്ടേഷൻ മാനദണ്ഡം സംസ്ഥാനത്ത് ഇപ്പോഴുള്ളതു പോലെ മാത്രമേ തുടരാനാവൂ.എസ്ഐ ഉൾപ്പടെ യൂണിഫോം ധരിക്കുന്ന സേനകളിലേക്കു നിയമനം നടത്തുമ്പോൾ അവരെ ട്രെയിനി ആയാണ് എടുക്കുന്നത്. എസ്ഐ ട്രെയിനി ഉൾപ്പെടെയുള്ള ഇത്തരം സേനകളുടെ റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമാണ്.

കെഎഎസിൽ റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമാ‌ണെങ്കിൽ തസ്തികയുടെ പേര് ട്രെയിനി എന്നാക്കണമെന്ന നിർദേശവും മുന്നോട്ടു വയ്ക്കും. പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കുന്നതിനു പട്ടികവിഭാഗം, പിന്നാക്കക്കാർ, ഭിന്നശേഷിക്കാർ, എക്സ് സർവീസുകാർ, വിധവകൾ തുടങ്ങിയവർക്കെല്ലാം പ്രായപരിധിയിൽ ഇളവുണ്ട്. എന്നാൽ കെഎഎസിൽ ഇത്തരമൊരു പരാമർശമില്ല. ഇതു നടപ്പാക്കണമെന്നും പിഎസ്‌സി ആവശ്യപ്പെടും. ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ കാര്യത്തിലും വ്യക്തത വേണം.

കെഎഎസിലേക്കുള്ള പരീക്ഷയുടെ ഘടന പിഎസ്‌സി തയാറാക്കി സർക്കാരിനു സമർപ്പിച്ചുവെങ്കിലും അംഗീകരിച്ചിട്ടില്ല.100 മാർക്ക് വീതമുള്ള രണ്ടു പേപ്പറിന്റെ പ്രാഥമിക പരീക്ഷയും അതിൽ ജയിക്കുന്നവർക്ക് 150 മാർക്കിന്റെ മെയിൻ പരീക്ഷയുമാണ് പിഎസ്‌സി ശുപാർശ ചെയ്തത്. പുറമേ ഇന്റർവ്യൂവും ഉണ്ടാകും. ഇക്കാര്യങ്ങളിൽ സർക്കാർ മറുപടി നൽകിയാലേ കെഎഎസിലേക്ക് വിജ്ഞാപനം ഇറക്കാൻ പിഎസ്‌സിക്കു സാധിക്കൂ. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ മെല്ലെപ്പോക്കിലാണ്.

തൊഴിൽ പരീക്ഷകൾക്കു ചോദ്യങ്ങൾ മലയാളം ഉൾപ്പെടുത്തി തയാറാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ സാങ്കേതിക വിഷയങ്ങളിലധിഷ്ഠിതമായ എല്ലാ തൊഴിൽ പരീക്ഷകളുടെയും ചോദ്യക്കടലാസ് പൂർണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം ഉൾപ്പെടുത്തി തയാറാക്കുന്നതിനു പിഎസ്‍സി നടപടികളെടുക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സി.കെ. ഹരീന്ദ്രന്റ സബ്മിഷനു മറുപടി നൽകി.

ഇത്തരം ചില പരീക്ഷകളുടെ കാര്യത്തിൽ പൂർണമായും മലയാളത്തിലാക്കുന്നത് ഉദ്യോഗാർഥികൾക്കു ചില പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കും. പൊതുവേ മലയാള ഭാഷയ്ക്കു പ്രാധാന്യം നൽകിയാണു പിഎസ്‍സി മൽസര പരീക്ഷകൾ നടത്തുന്നത്. എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ മലയാളത്തിലാണു ചോദ്യം.

ബിരുദം യോഗ്യതയായി നിശ്ചയിച്ച തസ്തികകളിലാണ് ഇംഗ്ലിഷിൽ ചോദ്യങ്ങൾ തയാറാക്കുന്നത്. ഭരണഭാഷ മലയാളമാക്കിയ സാഹചര്യത്തിൽ ഭാഷാ പരിജ്ഞാനത്തിനു നിശ്ചിത ശതമാനം മാർക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.