Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎമാരുടെ സത്യഗ്രഹം പത്താം ദിവസത്തിലേക്ക്

mla

തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിൽ എക്സിറ്റ് പോൾ മുതലുള്ള ആകാംക്ഷ, ഫലം അനുകൂലമെന്നറിഞ്ഞപ്പോ‍ൾ ആഹ്ലാദം, നിയമസഭാ കവാടത്തിൽ ശബരിമല വിഷയത്തിൽ‌ സത്യഗ്രഹം നടത്തുന്ന എംഎൽഎമാരുടെ ഏക വിവര സ്രോതസായിരുന്നത് കയ്യിലെ സ്മാർട്ട് ഫോണുകൾ. എംഎൽഎമാരായ എൻ.ജയരാജ്, വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള എന്നിവർ നടത്തുന്ന സത്യഗ്രഹം ഇന്നു പത്താം ദിവസത്തിലേക്കു കടക്കുകയാണ്.

ഇന്നലെ രാവിലെ ഒൻപതിന് നിയമസഭയ്ക്കുള്ളിൽ കയറിയതോടെ ഭരണ–പ്രതിപക്ഷ അംഗങ്ങൾക്ക് തത്സമയ ഫലം അറിയാനുള്ള അവസരമില്ലാതായപ്പോഴും വിവരങ്ങളറിയാൻ കഴിഞ്ഞത് പുറത്തുണ്ടായിരുന്ന എംഎൽഎമാർക്ക്. മൊബൈൽ ജാമറുള്ളതിനാൽ സഭയ്ക്കുള്ളിൽ വിവരമറിയാൻ മാർഗമില്ല. ജാമർ പ്രവർത്തിക്കുന്നതിനാൽ കവാടത്തിലും ഇടയ്ക്ക് സിഗ്നൽ കട്ടായപ്പോൾ മൊബൈലുമായി ദൂരേക്ക് ഓടിയത് എംഎൽഎമാരുടെ സ്റ്റാഫ് അംഗങ്ങൾ.

ബഹളത്തിനിടയിലും ചില എംഎൽഎമാർ ആകാംക്ഷയോടെ സഭയ്ക്കുള്ളിൽ നിന്ന് പുറത്തിറങ്ങി ഫലം തിരക്കുന്നുണ്ടായിരുന്നു. അകത്തുള്ളവർക്കു മുൻപ് തന്നെ കോൺഗ്രസിന് അനുകൂലമാണ് കാറ്റെന്നു മനസിലാക്കിയത് പുറത്തുള്ള എംഎൽഎമാർ. ഒരു മണിക്കൂറിനുള്ളിൽ സഭ പിരിഞ്ഞ് പ്രതിപക്ഷ എംഎൽഎമാർ പുറത്തെത്തിയതോടെ വിശദ വിവരങ്ങൾ പങ്കുവച്ചതും ഇവർ തന്നെ. ആഹ്ലാദം പരസ്പരം പങ്കുവച്ചാണ് ഇവർ പിരിഞ്ഞത്. ഇന്നലെ വൈകിട്ടോടെ പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്തുള്ള ഓഫിസിലെ ടിവിയിലായിരുന്നു കണ്ണുകൾ. ഔദ്യോഗിക തിരക്കുകളൊന്നുമില്ലാത്തതിനാൽ വിശദമായി രാഷ്ട്രീയം ചർച്ച ചെയ്യാൻ കഴിയുന്നുണ്ടെന്ന് മൂന്നു പേരും ഒരുപോലെ സമ്മതിക്കുന്നു.