Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: സഭയിൽ വീണ്ടും ബഹളം; അരമണിക്കൂറിനകം പിരിഞ്ഞു

Kerala Legislative Assembly

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം. നിയമസഭ വീണ്ടും അരമണിക്കൂറിനകം പിരിഞ്ഞു. ഈ സമ്മേളനത്തിൽ 2 ദിവസമൊഴികെ ബാക്കി 6 ദിവസവും ഇതേ വിഷയത്തിൽ സഭ പ്രക്ഷുബ്ധമായിരുന്നു. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ ‘ഓർഡർ, ഓർഡർ, ചോദ്യം നമ്പർ 241’ എന്നു കഷ്ടിച്ചു പറയാനേ സ്പീക്കർക്കു കഴിഞ്ഞുള്ളൂ. അതിനകം മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ കാഴ്ച മറയും വിധം വേദിക്കു മുന്നിൽ  പ്ലക്കാർഡും ബാനറുകളുമുയർത്തി. നടപടികളുമായി സഹകരിക്കുമെന്നും പുറത്തു സമരം തുടരുമെന്നും സഭയിൽ വ്യക്തമാക്കിയ പ്രതിപക്ഷ നേതാവിന്റെ ഉറപ്പ് പ്രതിപക്ഷം ലംഘിക്കുന്നതു മര്യാദയല്ലെന്നു സ്പീക്കർ പറഞ്ഞു.

വിഷയം ശൂന്യവേളയിൽ ഉന്നയിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ബഹളം തുടർന്നു. ചില പ്രതിപക്ഷ എംഎൽഎമാർ വേദിയിലേക്കു വലിഞ്ഞുകയറാൻ ശ്രമിക്കുകയും ബഹളം ശക്തമാവുകയും ചെയ്തതോടെ ചോദ്യോത്തരവേള റദ്ദാക്കി. 9.32 ന് സഭ പിരിഞ്ഞു. നിയമസഭാ കവാടത്തിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സ്പീക്കറും പ്രതിപക്ഷ നേതാവും രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.