Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ ഉത്തരവ് പിൻവലിക്കണം: ചെന്നിത്തല

തിരുവനന്തപുരം ∙ വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്കു കത്തുനൽകി. സാലറി ചാലഞ്ചിനുള്ള ഉത്തരവിനെ അനുസ്മരിപ്പിക്കുന്നതാണു വനിതാ മതിലിനായി സർക്കാർ ഇറക്കിയ ഉത്തരവ്.

കുടുംബ്രശ്രീ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ആശാ വർക്കർമാരെയും മറ്റും നിർബന്ധിതമായി മതിലിന്റെ ഭാഗമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മതിലിനായി പൊതുഖജനാവിൽ നിന്നുള്ള പണവും സർക്കാർ സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്. നാടിന്റെ നവോത്ഥാന മുന്നേറ്റത്തിൽ വലിയ സംഭാവനകൾ നൽകിയ വിഭാഗങ്ങളെ ഒഴിച്ചു നിർത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ചുവരുത്തി സംഘടിപ്പിക്കുന്ന പരിപാടി സാമുദായിക സൗഹാർദം തകർക്കും.

ഖജനാവിലെ പണം ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെയോ വിഭാഗങ്ങളുടെയോ പ്രചാരണ പരിപാടികൾക്കു വേണ്ടി ഉപയോഗിക്കാൻ പാടില്ലെന്ന് ആർട്ടിക്കിൾ 27 വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിന്റെ ഈ രാഷ്ട്രീയപരിപാടിയിൽ പങ്കെടുക്കുന്നവർ ഇടതുമുന്നണിയിലെ ഘടകകക്ഷികളിൽ പെട്ടവരാണ്. പ്രളയത്തിൽനിന്നു സംസ്ഥാനം കരകയറാൻ തുടങ്ങുന്ന സമയത്ത് ഇത്രയേറെ പണം ചെലവഴിച്ചു വനിതാമതിൽ നടത്തുന്നതു ശരിയല്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.

related stories