Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ പരിസ്ഥിതി സന്തുലനത്തിനു നിയമം വേണമെന്ന് സഭാ സമിതി

Sabarimala-Devotees-Vrischikam കാനനപാതയിലൂടെ പോകുന്ന തീർഥാടകർ (ഫയൽചിത്രം)

തിരുവനന്തപുരം∙ ശബരിമലയുടെ പരിസ്ഥിതി സന്തുലനത്തിനായി നിയമനിർമാണം വേണമെന്നു നിയമസഭയുടെ പരിസ്ഥിതി സമിതി ശുപാർശ ചെയ്തു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാതെയും ശബരിമലയുടെയും എരുമേലിയുടെയും സ്വാഭാവിക വിശുദ്ധി സംരക്ഷിച്ചുമുള്ള ശാസ്ത്രീയമായ തീർഥാടന സംവിധാനമാണു നടപ്പാക്കേണ്ടതെന്നു സമിതി അധ്യക്ഷൻ മുല്ലക്കര രത്നാകരൻ പറഞ്ഞു.

ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. ശബരിമലയിൽ എത്തുന്ന ഭക്തരുടെ കൃത്യമായ കണക്കെടുക്കണം. ഭൂമിക്കടിയിലെത്തുന്ന മാലിന്യങ്ങൾ വലിച്ചെടുത്തു മണ്ണ് ശുദ്ധീകരിക്കാൻ കഴിവുള്ള മരങ്ങളും കൈതച്ചെടി പോലുള്ള സസ്യങ്ങളും പമ്പ ഉൾപ്പെടെ നദികളുടെയും തോടുകളുടെയും തീരങ്ങളിൽ നട്ടുവളർത്തണം.

അപ്പം, അരവണ നിർമാണത്തിനു സന്നിധാനത്തേക്കു ശർക്കര കൊണ്ടുവരുന്ന പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗ ശേഷം വനത്തിലേക്കു വലിച്ചെറിയുന്നതു ഭക്ഷിച്ച് ആന ഉൾപ്പെടെ വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്നുണ്ട്. ഇതൊഴിവാക്കാൻ പനയോലയിൽ നെയ്ത വട്ടികളിലാക്കി ചണച്ചാക്കുകളിൽ ശർക്കര കൊണ്ടുവരണം. ഉപയോഗ ശേഷം ഇവ ലേലം ചെയ്യണം.

കാട്ടുമൃഗങ്ങൾക്കു ബൈക്കിന്റെ ശബ്ദമുണ്ടാക്കുന്ന പ്രത്യാഘാതം വലുതായതിനാൽ നിലയ്ക്കലിനപ്പുറത്തേക്കു ബൈക്ക് യാത്ര അനുവദിക്കരുത്. ഇരുമുടിക്കെട്ടിൽ നിന്നു പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കുന്നതിനു വിവിധ ഭാഷകളിൽ ബോധവൽക്കരണം നടത്തണമെന്നും നിർദേശിച്ചു.