Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: നിയന്ത്രണം പിൻവലിച്ചെന്ന് ദേവസ്വം ബോർഡും പൊലീസും

തിരുവനന്തപുരം∙ ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതായി പൊലീസും ദേവസ്വം ബോർഡും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ചിത്തിര ആട്ട വിശേഷ സമയത്തും മണ്ഡല–മകരവിളക്കു കാലത്തും എത്തുന്ന ഭക്തർക്കു സംരക്ഷണം ഉറപ്പാക്കുന്നതിനാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രായമായവർക്കും കുട്ടികൾക്കും നടപ്പന്തലിൽ വിരിവയ്ക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്നു ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർക്കു കുടിവെള്ളം നിഷേധിച്ചിട്ടില്ല. ശുചിമുറികൾ പൂട്ടിയിട്ടില്ല. നിലയ്ക്കലിൽ പാർക്കിങ് ഗ്രൗണ്ട് കൃത്യമായി അളന്നു തിരിച്ചു നൽകാത്തതു ചില സാങ്കേതിക തടസ്സങ്ങൾ കൊണ്ടാണ്. അന്നദാന കൗണ്ടറിന്റെ സമയം പരിമിതപ്പെടുത്തിയതു മൂലം ജീവനക്കാർക്കു കൃത്യസമയത്തു ഭക്ഷണം ലഭിക്കുന്നില്ലെന്നു കെഎസ്ആർടിസി അറിയിച്ചു.

നിലയ്ക്കൽ ബസ് സ്റ്റേഷൻ ദേവസ്വം ബോർഡ് ടാർ ചെയ്തിട്ടില്ല. ജീവനക്കാർക്കും യാത്രക്കാർക്കും കൂടുതൽ ശുചിമുറികൾ ആവശ്യമുണ്ട്. പാർക്കിങ് ഗ്രൗണ്ടിനു സമീപം 50 ബയോ ടോയ്‍ലറ്റ് കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്. 28 ന് പത്തനംതിട്ടയിൽ നടക്കുന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം കെ.മോഹൻകുമാർ റിപ്പോർട്ടുകൾ പരിഗണിക്കും.