Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയന്ത്രണത്തിൽ ഇളവു വരുത്തിയപ്പോൾ തീർഥാടകർ കൂടി : നിരീക്ഷക സമിതി

Sabarimala-devotees

കൊച്ചി ∙ ശബരിമലയിൽ സാഹചര്യങ്ങൾ സാധാരണ നിലയിലെത്തുകയാണെന്നും തീർഥാടകർ കൂടിയെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം പൊലീസിന്റെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനെ തുടർന്നാണിത്. നിരോധനാജ്ഞ ഉൾപ്പെടെ തുടരുകയാണെന്നും അൽപം കൂടി ഇളവുകളാകാമെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

ഡിസംബർ ആറിനു ശേഷം പുനപ്പരിശോധിക്കുമെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ നിയന്ത്രണങ്ങൾ ഇളവു ചെയ്യുമെന്നും പൊലീസ് ഉന്നതർ സമ്മതിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇളവു വരുത്തിയ ശേഷം അനിഷ്ട സംഭവങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാവുന്നതാണ്. ചില പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനത്തുള്ളതിനാൽ നിയന്ത്രണങ്ങൾ പൂർണമായി മാറ്റുന്നതു ക്രമസമാധാന പാലനത്തിനു നല്ലതല്ലെന്ന ആശങ്കയാണു പൊലീസിന്. തീർഥാടകർ കൂടുതലെത്തുമ്പോൾ നിയന്ത്രണങ്ങൾ മൂലം ഞെരുക്കമനുഭവപ്പെടും, സ്ഥല, സൗകര്യങ്ങൾ കുറവുള്ള പമ്പയിൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

മകരവിളക്കിനു പ്രത്യേക ശ്രദ്ധ വേണം. എരുമേലിയിൽ നിന്നു കാനനപാത വഴി വരുന്നവരുടെയും എണ്ണവും കൂടുകയാണ്. കഴിഞ്ഞ മകരവിളക്കിന് ഈ വഴി ഒരുലക്ഷം പേരെത്തി. ചെറിയാനവട്ടത്തു നിന്നു പമ്പയിലേക്കു കടക്കാനുള്ള ഞുണങ്ങാർ പാലത്തിനു കൈവരിയില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ജലവിതരണ, കുടിവെള്ളം, ആരോഗ്യ പരിചരണ സൗകര്യങ്ങളും അന്നദാനവും സമിതി വിലയിരുത്തി. ശുചിമുറി സൗകര്യം മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.

മറ്റു വിശദാംശങ്ങൾ:

∙ നിലയ്ക്കൽ– കണ്ടെയ്നർ ശുചിമുറികളിൽ ഫ്ലഷിങ് സൗകര്യമേർപ്പെടത്തണം, വിശ്രമ ഹാളുകളിൽ മാലിന്യവീപ്പകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ താമസിക്കുന്നതിനാൽ തീർഥാടകർക്കു മുറി കിട്ടുന്നില്ല. പൊലീസ് ബാരക്കുകളിൽ കനത്ത ചൂട് ആയതിനാൽ എസി/വെന്റിലേഷൻ സൗകര്യമൊരുക്കണം. നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം ഭാവിയിൽ ആശുപത്രിയാക്കി കാർഡിയോളജിസ്റ്റിനെ നിയോഗിക്കണം.

∙പമ്പ– കൂടുതൽ ശുചിമുറികൾ ആവശ്യമാണ്. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് 100 ബയോ ടോയ്‌ലെറ്റുകൾ കൂടി സ്ഥാപിക്കണം. കാനനപാതയിലും സ്ഥലമുള്ളിടത്ത് ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിക്കാം.

∙ സന്നിധാനം– ജലവിതരണം, കുടിവെള്ളം, ശുചിമുറികൾ, അന്നദാനം, ആരോഗ്യപരിചരണം, മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

∙സ്ക്വാഡ്– നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ജില്ലാ ഭരണകൂടം സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഡ്യൂട്ടി മജിസ്ട്രേട്ട്, എക്സിക്യൂട്ടീവ് മജിസ്ട്രേട്ട്. ലീഗൽ മെട്രോളജി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെട്ടതാണു സ്ക്വാഡ്.

∙ വന്യജീവി ശല്യം– വന്യജീവികളുടെ ആക്രമണം തടയാൻ എലിഫന്റ് സ്ക്വാഡിനെയും പാമ്പ് പിടുത്തക്കാരെയും നിയോഗിച്ചിട്ടുണ്ട്. കാട്ടുപന്നികളെ മയക്കി ഉപദ്രവം തടയുമെന്ന് പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.