Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹളം; നിയമസഭ വീണ്ടും ഒരു മണിക്കൂറിനുള്ളിൽ പിരിഞ്ഞു

Kerala Legislative Assembly

തിരുവനന്തപുരം∙ ഇന്നലെയും പതിവുപോലെ ശബരിമല വിഷയത്തിൽ പ്രക്ഷുബ്ധമായതോടെ സഭ വീണ്ടും ഒരു മണിക്കൂറിനുള്ളിൽ പിരിഞ്ഞു. പ്രതിപക്ഷം ഒരേ വിഷയത്തിൽ തുടർച്ചയായി സഭ സ്തംഭിപ്പിക്കുന്നതിനെ അപമാനകരമെന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിശേഷിപ്പിച്ചത്. ഇതു സഭയോടുള്ള അവഹേളനമാണെന്നും ചൂണ്ടിക്കാട്ടി. ചോദ്യോത്തരവേള 35 മിനിറ്റിനു ശേഷം റദ്ദാക്കി. രണ്ട് ബില്ലുകൾ ചർച്ച കൂടാതെ പാസാക്കിയശേഷം സഭ പിരിഞ്ഞു.

ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ ബഹളം ആരംഭിച്ചതോടെ, ഈ സമീപനം വേദനാജനകമാണെന്ന് സ്പീക്കർ പറഞ്ഞു. വേണമെങ്കിൽ സഭ ബഹിഷ്കരിക്കാനും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. നിയമസഭാ കവാടത്തിൽ സത്യഗ്രഹമിരിക്കുന്ന മൂന്ന് യുഡിഎഫ് എംഎൽഎമാരുടെ സമരത്തിൽ സർക്കാർ ഇടപെടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അൻവർ സാദത്ത്, ഹൈബി ഈഡൻ, ഐ.സി. ബാലകൃഷ്ണൻ, ടി.വി. ഇബ്രാഹിം തുടങ്ങിയവർ സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ ബാനർ ഉയർത്തി. ദിവസവും കഥകളിയിലെ തിരനോട്ടം പോലെ തന്റെ കാഴ്ച മറയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു സ്പീക്കറുടെ കമന്റ്.

അരമണിക്കൂർ പൂർത്തിയായപ്പോൾ ബഹളം രൂക്ഷമായി. ചിലർ വേദിയിലേക്കു വലിഞ്ഞുകയറാൻ ശ്രമിച്ചു. ചോദ്യത്തിനു മറുപടി നൽകുമ്പോൾ ചെയറിന്റെ മുഖം മറയ്ക്കുന്നത് ശരിയല്ലെന്നു മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചെയറിനോടല്ല പ്രതിപക്ഷം പ്രതിഷേധിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി. ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി. സമ്മേളനം അവസാനിക്കാനിക്കുന്ന ഇന്നും പ്രതിപക്ഷ പ്രതിഷേധം സഭയിലുണ്ടാകുമെന്നാണ് സൂചന.

ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാരായ എൻ.ജയരാജ്, വി.എസ് ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള എന്നിവർ നടത്തുന്ന സത്യഗ്രഹം സഭയ്ക്കു പുറത്തേക്കു വ്യാപിപ്പിച്ചേക്കും. സത്യഗ്രഹം 11 ദിവസമായിട്ടും സർക്കാർ ചർച്ചയ്ക്കു തയ്യാറായിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കരുതെന്ന ധാർഷ്ഠ്യമാണ് സർക്കാരിനുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മോദിയുടെ അനുഭവം നാളെ പിണറായിക്കുമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു

സമരം ആരംഭിച്ച ദിവസം മുതൽ മൂന്ന് എംഎൽഎമാർ നിയമസഭാ റജിസ്റ്ററിൽ ഒപ്പിടുകയോ ആനുകൂല്യങ്ങൾ കൈപ്പറ്റുകയോ ചെയ്തിട്ടില്ല.