Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിലിനോടു സഹകരിക്കാത്തവർ യോഗത്തിനു പുറത്ത്: വെള്ളാപ്പള്ളി

Vellappally Natesan

ആലപ്പുഴ ∙ വനിതാ മതിലിനോടു സഹകരിച്ചില്ലെങ്കിൽ ആരായാലും എസ്എൻഡിപി യോഗത്തിനു പുറത്തു പോകേണ്ടിവരുമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 

‘വനിതാ മതിലിനോടു സഹകരിക്കണമെന്ന കൗൺസിൽ തീരുമാനം വൈസ് പ്രസിഡന്റ് എന്ന നിലയിൽ തുഷാർ വെള്ളാപ്പള്ളി അംഗീകരിച്ചിട്ടുണ്ട്. സഹകരിച്ചു നിന്നാൽ ഇൻ. അല്ലെങ്കിൽ ഔട്ട്. വനിതാ മതിലിനോട് എല്ലാ എസ്എൻഡിപി യോഗം പ്രവർത്തകരും സഹകരിക്കും. ബിഡിജെഎസ് സഹകരിക്കുമോയെന്ന് അവരോടു ചോദിക്കണം. ബിഡിജെഎസ് ഇതുവരെ വനിതാ മതിലിന് എതിരെ പറഞ്ഞിട്ടില്ല’–ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിനു മുന്നോടിയായി ചേർന്ന എസ്എൻഡിപി യോഗം ഭാരവാഹികളുടെ സമ്മേളനത്തിനു ശേഷം വെള്ളാപ്പള്ളി പറഞ്ഞു.

എൻഎസ്എസിനു മാന്യതയും മര്യാദയുമുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കണമായിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ വീട്ടിൽ കയറിയിരുന്ന് അഭിപ്രായം പറയുകയാണ്. ഒരു മുന്നാക്ക നേതാവ് പറഞ്ഞാൽ മാത്രം വനിതാ മതിലിൽനിന്നു മുന്നാക്ക വിഭാഗങ്ങൾ മാറിനിൽക്കില്ല. ഇതര മതസംഘടനകളെയും വനിതാ മതിലിലേക്കു സ്വാഗതം ചെയ്യുന്നു. എസ്എൻഡിപി യോഗം ആരുടേയും തടവറയിൽ അല്ല. മൈക്രോഫിനാൻസ് കേസിനെ ഇതുമായി കൂട്ടിക്കെട്ടേണ്ട. സർക്കാരിനു പ്രശ്നാധിഷ്ഠിത പിന്തുണ നൽകും. കേന്ദ്ര സർക്കാരിൽ നിന്നു ഗുണത്തിനും ദോഷത്തിനും എസ്എൻഡിപി പോയിട്ടില്ല. കേന്ദ്ര സർവകലാശാലയ്ക്കു ഗുരുവിന്റെ പേരിടണമെന്ന ഒരാവശ്യം മാത്രമേ ഉന്നയിച്ചിരുന്നുള്ളൂ. അതു സാധിക്കാത്തതിൽ ദുഃഖമുണ്ട്–വെള്ളാപ്പള്ളി പറഞ്ഞു.

യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, കൗൺസിൽ അംഗങ്ങളായ പി.ടി.മന്മഥൻ, ബേബി റാം, ഷീബ, വനജ വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.

related stories