Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺസ്യൂമർഫെഡിൽ 8.30 കോടിയുടെ പച്ചക്കറി അഴിമതി; തെളിവില്ലെന്നു വിജിലൻസ്

Vegetables

തിരുവനന്തപുരം ∙ കഴിഞ്ഞ സർക്കാരിന്റെ കാലത്തു കൺസ്യൂമർഫെഡിൽ ഉണ്ടായ 8.30 കോടി രൂപയുടെ പച്ചക്കറി അഴിമതിക്കേസിനു തെളിവില്ലെന്നു വിജിലൻസ്. പച്ചക്കറി മേളയുടെ സ്റ്റേറ്റ് കോ–ഓർഡിനേറ്റർ അനധികൃതമായി സ്വത്തു സമ്പാദിച്ചതിനുൾപ്പെടെ തെളിവുണ്ടെന്നു റിപ്പോർട്ട് നൽകിയ വിജിലൻസാണ് ഇപ്പോൾ മതിയായ തെളിവില്ലെന്നു മലക്കംമറിയുന്നത്. 

ഈ സർക്കാർ വന്നശേഷം അന്വേഷണമാരംഭിച്ച കേസിൽ അട്ടിമറി നീക്കത്തിനു പിന്നിൽ ഉന്നത രാഷ്ട്രീയ സ്വാധീനമാണെന്ന് ആരോപണമുണ്ട്. പച്ചക്കറി വില രൂക്ഷമായ സാഹചര്യത്തിലാണു 2011–13 ൽ സംസ്ഥാനത്തൊട്ടാകെ പച്ചക്കറി വിപണനമേള നടത്താൻ കൺസ്യൂമർഫെഡിനെ സർക്കാർ ചുമതലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ ബിസിനസ് മാനേജരായിരുന്ന എം.ഷാജിക്കായിരുന്നു ചുമതല.

വിപണന മേളയിലാകെ അഴിമതി നടന്നതിന്റെ രേഖകൾ സഹിതം പരാതികൾ ലഭിച്ചപ്പോഴാണു സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരിലെ എംജിആർ മാർക്കറ്റിലെ എൻ.ആർ. വെജിറ്റബിൾസിൽ നിന്നാണു 4.61 കോടി രൂപയുടെ പച്ചക്കറി വാങ്ങിയത്. എന്നാൽ ഇങ്ങനെയൊരു കട എംജിആർ മാർക്കറ്റിൽ ഇല്ലെന്നും മൊബൈൽ നമ്പർ വ്യാജമാണെന്നും അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

ചെക്കിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അവയെല്ലാം കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി ജെ. നൗഷാദിന്റെ പേരിൽ കൈമാറുകയായിരുന്നു. മൊത്തവിലയിൽ പച്ചക്കറി വാങ്ങണമെന്നു നിർദേശിച്ചിരുന്നെങ്കിലും മിക്കപ്പോഴും ചില്ലറ വിലയ്ക്കായിരുന്നു ഇടപാടുകൾ. ഇടുക്കിയിലെ പച്ചക്കറി മാർക്കറ്റിലെ ഏജന്റിൽ നിന്നും 2.95 ലക്ഷം രൂപയുടെ പച്ചക്കറി വാങ്ങി. മേള സംഘടിപ്പിക്കാൻ ലക്ഷങ്ങളാണു ധൂർത്തടിച്ചത്. 2011ൽ 58 ലക്ഷം രൂപയുടെ കച്ചവടം നടത്തുന്നതിനു 19.34 ലക്ഷം രൂപയും 2012 ൽ 2.32 കോടി രൂപയുടെ പച്ചക്കറി വിൽക്കുന്നതിന് 63 ലക്ഷം രൂപയും ചെലവാക്കി. 211ൽ 1.68 കോടി രൂപയുടെ പച്ചക്കറി സംഭരിച്ചുവെങ്കിലും 58.75 ലക്ഷം രൂപയുടെ വില്പനയാണു നടന്നത്.

അഴിമതി കണ്ടെത്തിയ സാഹചര്യത്തിൽ വിജിലൻസിനു വിടുകയായിരുന്നു. ത്വരിതാന്വേഷണത്തിനു ശേഷം 2016 സെപ്റ്റംബർ 27നു കോടതിയിൽ റിപ്പോർട്ട് നൽകി. പച്ചക്കറി മേളയ്ക്കു ചുക്കാൻ പിടിച്ച ഷാജി 18.46 ലക്ഷം രൂപയുടെ അനധികൃതസ്വത്തു സമ്പാദിച്ചതായും കോടതിയെ വിജിലൻസ് അറിയിച്ചിരുന്നു. ഇതിനു ശേഷം കാര്യമായ അന്വേഷണമോ തെളിവെടുപ്പോ നടത്താതെയാണു തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കണമെന്നു കോടതിയിൽ വിജിലൻസ് ആവശ്യപ്പെട്ടത്.