Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ രക്ഷാപ്രവർത്തനം: വ്യോമസേനയ്ക്കു പണം നൽകേണ്ടെന്നു കേന്ദ്രം

Rescue - Flood

ന്യൂഡൽഹി ∙ പ്രളയ രക്ഷാപ്രവർത്തനത്തിനു കേരളം വ്യോമസേനയ്ക്കു പണം നൽകേണ്ടതില്ലെന്നു കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന ധനമന്ത്രാലയം അംഗീകരിച്ചു. രക്ഷാപ്രവർത്തനത്തിനു വിമാനങ്ങൾ ഉപയോഗിച്ചതിന് 25 കോടി രൂപ സേനയ്ക്കു നൽകണമെന്നു കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ തുക ധനമന്ത്രാലയം വഹിക്കും.

ഇതിനിടെ, പുനർനിർമാണ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ സംസ്ഥാന മന്ത്രിമാർ നടത്താനിരുന്ന വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നു വിദേശ സഹമന്ത്രി വി.കെ. സിങ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു. വിദേശസഹായം സ്വീകരിക്കരുതെന്നതാണു രാജ്യത്തിന്റെ നയം. കേരളത്തിനുള്ള സഹായം തടയാൻ കേന്ദ്രം ശ്രമിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിനുള്ള സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്തെ എംപിമാർ പാർലമെന്റ് വളപ്പിൽ ധർണ നടത്തി. എംപിമാരായ പി. കരുണാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ആന്റോ ആന്റണി, എം.ബി. രാജേഷ്, പി.കെ. ബിജു, കെ.കെ. രാഗേഷ്, ഇന്നസന്റ് സി.എൻ. ജയദേവൻ, എളമരം കരീം, ബിനോയ് വിശ്വം, പി.കെ. ശ്രീമതി, ജോയ്സ് ജോർജ്, പി.വി. അബ്ദുൽ വഹാബ് എന്നിവർ പങ്കെടുത്തു.

related stories