Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറി വിവാദം: എക്സൈസിൽ കൂട്ട സ്ഥലംമാറ്റം

Brewery

തിരുവനന്തപുരം ∙ ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും അനുമതി നൽകാനുള്ള തീരുമാനം വിവാദമായതിനു പിന്നിൽ ചില ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ കൂട്ടത്തോടെ സ്ഥലംമാറ്റി.

എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് മാസങ്ങൾക്കു മുൻപു സ്ഥലംമാറ്റാൻ ഉത്തരവിടുകയും മന്ത്രിയുടെ ഓഫിസിലെ ഉന്നതരുടെ ഇടപെടലിനെത്തുടർന്ന് എക്സൈസ് ആസ്ഥാനത്തു തുടരുകയും ചെയ്ത എക്സൈസ് ഇൻസ്പെക്ടറെയും സ്ഥലംമാറ്റി. രാഷ്ട്രീയ ബന്ധങ്ങളുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിക്കരുതെന്ന എക്സൈസ് കമ്മിഷണറുടെ നിർദേശം സർക്കാർ അംഗീകരിച്ചു.

ബ്രൂവറി ഫയലുകൾക്കു വേഗം കൂട്ടിയെന്നു കണ്ടെത്തിയ കമ്മിഷണറേറ്റ് ഓഡിറ്റ് വിഭാഗത്തിലെ എക്സൈസ് ഇൻസ്പെക്ടറെ തൃശൂരിലേക്കാണു മാറ്റിയത്. ബ്രൂവറി വിവാദം ഉണ്ടായപ്പോൾ ഇയാളെ സ്ഥലംമാറ്റാൻ കമ്മിഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദത്തെത്തുടർ‌ന്ന് ഒരു മണിക്കൂറിനകം തീരുമാനം മരവിപ്പിച്ചു.

എക്സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കമ്മിഷണർ കെ. സുരേഷ് ബാബുവിനെ ബവ്റിജസ് കോർപ്പറേഷൻ ആസ്ഥാനത്തേക്കു മാറ്റി. ബവ്റിജസ് കോർപ്പറേഷനിലുണ്ടായിരുന്ന ഡപ്യൂട്ടി കമ്മിഷണർ കെ.മുഹമ്മദ് റഷീദിനെ ആലപ്പുഴയിൽ നിയമിച്ചു. ആലപ്പുഴ ഡപ്യൂട്ടി കമ്മിഷണറായിരുന്ന എ.എൻ. ഷായ്ക്കാണ് എക്സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗത്തിന്റെ ചുമതല.

പത്തനംതിട്ട ഡപ്യൂട്ടി കമ്മിഷണർ കെ. ചന്ദ്രപാലനെ എറണാകുളത്തേക്കും എറണാകുളം ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിനെ പത്തനംതിട്ടയിലേക്കും മാറ്റി. സിഎസ്ഡി കന്റീൻ ഡപ്യൂട്ടി കമ്മിഷണറായിരുന്ന വി.പി. സുലേഷ് കുമാറിനെ പാലക്കാട് നിയമിച്ചു. എ.കെ. നാരായണൻ കുട്ടിക്കാണ് സിഎസ്ഡി കന്റീനിന്റെ ചുമതല. പാലക്കാട് ഡപ്യൂട്ടി കമ്മിഷണറായിരുന്ന ജേക്കബ് ജോണിനെ കാസർകോട്ട് നിയമിച്ചു. ബാലകൃഷ്ണനാണ് തൃശൂരിലെ പുതിയ ഡപ്യൂട്ടി കമ്മിഷണർ.

related stories