Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.ശശി എംഎൽഎയ്ക്ക് എതിരായ അന്വേഷണം സംബന്ധിച്ച സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ

A.K. Balan, P.K. Sasi, P.K. Sreemathi എ.കെ. ബാലൻ, പി.കെ. ശശി, പി.കെ. ശ്രീമതി

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗം നൽകിയ പരാതിയിലുള്ള അന്വേഷണ റിപ്പോർട്ടും നടപടികളും സംബന്ധിച്ച സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ:   

പി.കെ.ശശിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതിക്കാരി 2018 ഓഗസ്റ്റ് എട്ടിനു പരാതി അയച്ചിരുന്നു. പകർപ്പ്  സീതാറാം യച്ചൂരി, ബൃന്ദ കാരാട്ട്, പി.കെ. ശ്രീമതി എന്നിവർക്കും അയച്ചു. 

പരാതിയിലുള്ള മൂന്നു കാര്യങ്ങൾ

1. മണ്ണാർക്കാട്ട് പാർട്ടി ജില്ലാസമ്മേളനത്തിനു മുൻപ്  മുഖ്യസംഘാടകനായ പി.കെ.ശശി  അഞ്ചോ ആറോ ദിവസം അവരെ ഓഫിസിലേക്കു വിളിച്ചുവരുത്തിയെന്നും അവിടെ വോളന്റിയർയർമാരുടെ യോഗം വിളിച്ചതായും ലിസ്റ്റ് തയാറാക്കി അവരെ കണ്ടെത്തിയതായും പറയുന്നു. അടുത്ത ദിവസം ലിസ്റ്റ് വാങ്ങാനാണെന്നു പറഞ്ഞു വിളിച്ചുവരുത്തി പി.കെ.ശശി 5000 രൂപ നിർബന്ധിച്ചു നൽകിയതായി പറയുന്നു 

2.  തൊട്ടടുത്ത ദിവസം മണ്ണാർക്കാട് പാർട്ടി ഏരിയാ കമ്മിറ്റി ഓഫിസിലേക്കു പരാതിക്കാരിയെ ശശി വിളിച്ചുവരുത്തി. 11 മണിയോടെ പാർട്ടി ഓഫിസിൽ എത്തിയ പരാതിക്കാരിയെ ശശി ഇരിക്കുന്ന മുറിയിലേക്കു വിളിച്ചു മോശമായി സംസാരിച്ചതായും പെരുമാറിയതായും പറയുന്നു. 

3. പിന്നീട് ഇത്തരം കാര്യങ്ങളൊന്നും ആവർത്തിച്ചിട്ടില്ലെങ്കിലും ശശി പലതവണ ഫോണിൽ വിളിച്ചു വരാൻ പറഞ്ഞതായും അസ്വാഭാവികമായി സംസാരിച്ചതായും പറയുന്നു. 

പരാതി ലഭിച്ചശേഷം പി.കെ.ശശിയെ എകെജി സെന്ററിൽ വിളിച്ചുവരുത്തി വസ്തുതകൾ നേരിട്ടു ചോദിച്ചു. ശശി പരാതി നിഷേധിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 31നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം അന്വേഷിക്കാൻ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ശ്രീമതി, എ.കെ.ബാലൻ എന്നിവരെ ചുമതലപ്പെടുത്തി. 

കമ്മിഷൻ നിഗമനങ്ങൾ

പി.കെ.ശശി അപമര്യാദയായി പെരുമാറിയതു സംബന്ധിച്ച ആരോപണം

എ) മണ്ണാർക്കാട്ട്  ജില്ലാ സമ്മേളനത്തിനു മുൻപുള്ള ദിവസമാണു സംഭവമെന്നു പറയുന്നുണ്ടെങ്കിലും കൃത്യമായ തീയതി ഇല്ല. സമ്മേളന വേദിയിലെ വനിതാ വോളന്റിയർമാരുടെ ചുമതലയായിരുന്നു പരാതിക്കാരിക്ക്. സമ്മേളനം നടക്കുന്നതിനു തൊട്ടുമുൻപ് അഞ്ച്, ആറ് തവണ എസി ഓഫിസിലേക്കു ശശി വിളിപ്പിക്കുകയും യോഗം ചേരുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് അപ്പോൾ ഉണ്ടായതെന്നു പരാതിക്കാരി തന്നെ മൊഴിയിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെ വിളിപ്പിച്ചതിൽ അസ്വാഭാവികതയുണ്ടെന്നു കരുതാനാകില്ല.

ബി) ഇതിനു ശേഷം ഒരു ദിവസം ഓഫിസിൽ രാവിലെ 11 മണിയോടുകൂടി വിളിച്ചുവരുത്തിയാണു ശശി മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തതായി ആരോപിക്കുന്നത്. ഈ സമയത്തു ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു വൻതോതിലുള്ള ആൾത്തിരക്ക് ഏരിയാ കമ്മിറ്റി ഓഫിസിൽ ഉണ്ടായിരുന്നതിനാൽ ഇത്തരമൊരു കാര്യം നടന്നിരുന്നു എങ്കിൽതന്നെ അതു മറ്റുള്ളവരുടെ കൂടി ശ്രദ്ധയിൽ പെടേണ്ടതായിരുന്നു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു തിരക്ക് ഉള്ളതിനാൽ സന്ദർശകർ ധാരാളം ഉണ്ടായിരുന്നതായി ഏരിയാ സെക്രട്ടറിയും മറ്റു പല സഖാക്കളും മൊഴി തന്നിട്ടുണ്ട്. ഇത്തരത്തിൽ ധാരാളം ആളുകൾ ഒത്തുകൂടുന്നിടത്തു പകൽ സമയം വാതിൽ തുറന്നിട്ട മുറിയിൽ തെറ്റായ ഉദ്ദേശത്തോടെ ഇത്തരമൊരു സംഭവം നടന്നതിന് ഒരു ദൃക്സാക്ഷിയും ഇല്ലെന്നതു ശ്രദ്ധേയമാണ്. 

സി)  മണ്ണാർക്കാട് എസി ഓഫിസിൽ പതിവായി പോകുന്ന പെൺകുട്ടി മണ്ണാർക്കാട് ഏരിയാ സെക്രട്ടറിക്കോ സ്വന്തം പ്രദേശത്തെ എൽസി സെക്രട്ടറിക്കോ പാർട്ടി ജില്ലാ സെക്രട്ടറിക്കോ സ്വന്തം ഘടകമായ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്കോ മണ്ണാർക്കാട് ബ്ലോക് സെക്രട്ടറിക്കോ, ഡിവൈഎഫ്ഐ ജില്ലാ സംഘടനയിലെ വനിതാ സഖാക്കൾക്കോപരാതി നൽകിയിട്ടില്ല. തന്റെ ശ്രദ്ധയിൽ വരുന്ന വിഷയങ്ങളോടു പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവക്കാരിയാണു പരാതിക്കാരിയെന്ന് അടുത്ത ബന്ധമുള്ള ഡിവൈഎഫ്ഐ ഭാരവാഹികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ എട്ടു മാസത്തിനുശേഷം പരാതി നൽകുംവരെ ഒരു പ്രതികരണത്തിനും തയാറായിട്ടില്ല. 

ഡി) സമ്മേളന അവസാനം ഫോട്ടോ സെഷനിലും വളരെ സന്തോഷവതിയായി കാണപ്പെട്ടു. സെൽഫിയെടുത്തും പി.കെ.ശശി അടക്കമുള്ള എല്ലാ സഖാക്കളോടും സാധാരണ പോലെ സംസാരിച്ചിരുന്നതായും സഖാക്കൾ മൊഴിയിൽ വിശദമാക്കി. ഇത്രയ്ക്ക് ആക്ഷേപകരമായ സംഭവം നടന്നിരുന്നുവെങ്കിൽ ഇത്ര സ്വാഭാവികമായി പെരുമാറാൻ എങ്ങനെ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. 

ഇ) ഇത്തരമൊരു പരാതി യഥാസമയം നൽകുന്നതിന്  വിലക്കോ നൽകാതിരിക്കാനുള്ള സമ്മർദമോ ഉണ്ടായിരുന്നതായി പെൺകുട്ടിക്ക് ആക്ഷേപമില്ല. മറിച്ച് ജിനേഷും നിസാർ അഹമ്മദും ജില്ലാ സമ്മേളന സമയത്ത് പുറത്തുപറഞ്ഞാൽ ചില വിഷമങ്ങൾ ഉണ്ടാകും എന്നു പറഞ്ഞതുകൊണ്ട് പരാതി നൽകിയില്ലെന്നാണു പറഞ്ഞത്. പിന്നീട് ഇതുപോലുള്ള ഒരു പെരുമാറ്റം ഉണ്ടായാൽ പരാതിപ്പെടാൻ അവർ ഉപദേശിച്ചതുകൊണ്ടാണ് യഥാസമയം പരാതി നൽകാഞ്ഞതെന്നാണു പരാതിക്കാരി ഒരിടത്ത് മൊഴിയിൽ പറയുന്നത്. എന്നാൽ അതിനുശേഷം ഒരിക്കൽപോലും സ്പർശിക്കുകയോ മോശമായി പെരുമാറുന്നതിനു ശശി ശ്രമിച്ചതായോ പെൺകുട്ടിക്ക് ആക്ഷേപമില്ല.

എഫ്) പി.കെ.ശശി പിന്നീട് ഫോണിൽ പല പ്രാവശ്യം വിളിച്ചതുകൊണ്ടാണു പരാതിപ്പെട്ടതെന്നാണു പറയുന്നത്. ഇതു മുകളിൽ പറഞ്ഞ ന്യായങ്ങൾക്കു വ്യത്യസ്തമാണ്.

 ജി) പി.കെ.ശശി 2018 ജൂലൈയിൽ ഡിവൈഎഫ്ഐ സമ്മേളനത്തിനു മുൻപ് അവരെ മോശപ്പെടുത്തി ചർച്ച നടത്താൻ പ്രേരിപ്പിച്ചതായും കാഞ്ഞിരപ്പുഴ ലോക്കൽ സെക്രട്ടറി ലിലീബിനോട് പെൺകുട്ടിയെപ്പറ്റി മോശം റിപ്പോർട്ട് തയാറാക്കാൻ ആവശ്യപ്പെട്ടതായും അതിനുശേഷം പി.കെ.ശശി തന്നെ മോശമാക്കാൻ ശ്രമിക്കുന്നതു മനസിലായപ്പോഴാണു പരാതിപ്പെട്ടതെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നുണ്ട്. 

എച്ച്) പെൺകുട്ടിയുടെ പരാതിയിൽ യാതൊരു കഴമ്പുമില്ല എന്നാണു പെൺകുട്ടി നിത്യേന ഇടപെടുന്ന മണ്ണാർക്കാട്ടെ പാർട്ടി സഖാക്കളും ഡിവൈഎഫ്ഐ സഖാക്കളിൽ രണ്ടു പേരൊഴികെ ബാക്കിയുള്ളവരും മൊഴിയിൽ പറയുന്നത്. 

ഐ) പൊതുവെ ഈ പെൺകുട്ടി പുരുഷന്മാരായ സഖാക്കളോടും മറ്റു ചില പുരുഷ സുഹൃത്തുക്കളോടും വളരെ സോഷ്യലായി പെരുമാറുന്ന സ്വഭാവക്കാരിയാണെന്നു പൊതുവിൽ എല്ലാവരും മൊഴി നൽകി. 

ജെ) ജൂലൈ മാസത്തിൽ മണ്ണാർക്കാട് നടന്ന ഡിവൈഎഫ്ഐ ബ്ലോക് വനിതാ കൺവൻഷൻ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരാതിക്കാരെ മാറ്റി സുധർമ എന്ന സഖാവിനെ നിശ്ചയിച്ചതിൽ‍ പരാതിക്കാരിക്ക് അതൃപ്തിയും നീരസവും ഉള്ളതായി ഡിവൈഎഫ്ഐ ബ്ലോക് നേതാക്കളുടെയും മറ്റും മൊഴിയിലുണ്ട്. പി.കെ.ശശിക്കെതിരെ പരാതിപ്പെടാൻ ഇതൊരു കാരണമാണെന്നു പരാതിക്കാരി മൊഴിയിൽ പറയുന്നുണ്ട്. 

കെ) തെളിവുണ്ടാക്കാനാണു ഫോൺ സംഭാഷണം റിക്കോർഡ് ചെയ്തതെന്നു പെൺകുട്ടി തന്നെ മൊഴിയിൽ സമ്മതിക്കുന്നുണ്ട്. ഈ സംഭാഷണത്തിൽ ഒരിടത്തും പാർട്ടി ഓഫിസിൽ വച്ച് മോശമായി പെരുമാറി എന്ന ആരോപണമോ സൂചന പോലുമോ പറയുന്നില്ല.

ഈ നിഗമനങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ മണ്ണാർക്കാട് എസി ഓഫിസിൽ വച്ച് പി.കെ.ശശിയുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായി എന്ന ആരോപണം സ്ഥിരീകരിക്കാൻ കഴിയുന്നതല്ല. പരാതി നൽകാനുണ്ടായ കാലതാമസം, അതിനു പെൺകുട്ടി തന്നെ നൽകുന്ന വ്യത്യസ്തമായ വിശദീകരണങ്ങളും പൊരുത്തപ്പെടുന്നതല്ല. ശശിയുമായി പിന്നീട് ഉണ്ടായ അഭിപ്രായ വിത്യാസത്തെത്തുടർന്നാണു പരാതി ഉയർന്നുവന്നതെന്നു വ്യക്തമാണ്. ആദ്യം പരാതി നൽകേണ്ട എന്ന ജിനേഷും നിസാർ അഹമ്മദും പറഞ്ഞത് അനുസരിച്ചു എന്നു പെൺകുട്ടി തന്നെ പറയുന്നുണ്ട്. സ്വമേധയാ ഒരു പരാതി കുട്ടി നൽകാനിടയില്ല എന്ന നിഗമനം ബലപ്പെടുത്തുന്ന ഒരു സാഹചര്യമാണിത്. 

ശശി പണം നൽകിയതുമായി ബന്ധപ്പെട്ട ആരോപണം

പി.കെ.ശശി പരാതിക്കാരിയെ എസിയിൽ വിളിച്ചു നിർബന്ധമായും 5000 രൂപ കൊടുത്തു എന്നാണ് ആരോപണം. വിശദീകരണം ആവശ്യപ്പെട്ടപ്പോൾ സമ്മേളനത്തിന്റെ വനിതാ വോളന്റിയർ  ചുമതലയുള്ള ഈ കുട്ടിക്കു സാമ്പത്തിക വിഷമം ഉണ്ടെന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റും എൽസി അംഗവുമായ സഖാവ് മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പറഞ്ഞതായും സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും ശശി വിശദീകരിച്ചു. എസി ഓഫിസിൽ വച്ച് എസി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ 1500 രൂപ നൽകിയതായി ശശി സമ്മതിച്ചു. ഒരു വൈമനസ്യം പണം സ്വീകരിക്കുന്നതിൽ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ഇക്കാര്യം മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു യൂണിഫോം ആവശ്യത്തിനു വേണ്ടിയായിരുന്നു. പണം നൽകി എന്ന വിഷയം പ്രത്യേകമായി പരിഗണിക്കേണ്ടതായോ അസ്വാഭാവികത ഉള്ളതായോ കമ്മിഷൻ കരുതുന്നില്ല. 

ശശി പിന്നീട് ഫോണിൽ വിളിച്ച് അസ്വാഭാവികമായി സംസാരിച്ചു എന്ന വിഷയം

ഏരിയാ കമ്മിറ്റി ഓഫിസിൽ നടന്നതായി പറയുന്ന സംഭവത്തിനുശേഷം കുറേക്കഴിഞ്ഞു പി.കെ.ശശി തന്നെ ഫോണിൽ വിളിച്ച് ‘മറ്റാരോടും തോന്നാത്ത ഒരു പ്രത്യേക തരം ഇഷ്ടമാണ്’എന്നും ‘ പരസ്പരം തൊട്ടാലും എന്താണ് ഇത്ര അപകടം’ എന്നു പറഞ്ഞതായും അതിൽ തനിക്ക് അസ്വസ്ഥത ഉണ്ടായെന്നും ഇക്കാര്യങ്ങൾ റിക്കോർഡ് ചെയ്തു വച്ചിട്ടുണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

ഈ ആരോപണത്തെ സംബന്ധിച്ച് പി.കെ.ശശിയുടെ വിശദീകരണം: ‘പൊതുവെ എനർജറ്റിക്കായ കുട്ടികളോടു തോന്നിയ വാൽസല്യം; അല്ലാതെ സെക്ഷ്വലായ, തെറ്റായ ഒരു ചിന്താഗതിയും തനിക്കു തോന്നിയിട്ടില്ല എന്നും ഈ പെൺകുട്ടിയോടു തനിക്കു പ്രത്യേകമായ അഫക്‌ഷൻ തോന്നിയിട്ടുണ്ടെന്നും സംസാരിച്ചതു ദുരുദ്ദേശപരമല്ലെന്നും, സെക്ഷ്വലായ ചിന്താഗതി വച്ചുകൊണ്ടല്ലെന്നും ശശി വിശദീകരിച്ചു. പെൺകുട്ടി ഹാജരാക്കിയ ഫോൺ സംഭാഷണം വിശദമായി കമ്മിഷൻ പരിശോധിച്ചു. അതിൽ ഒരിടത്ത് ‘റസ്പെക്ട് ഉണ്ടാകുമ്പോൾ പരസ്പരം തൊട്ടാലെന്താ അപകടം’ എന്നും ‘എല്ലാവരോടുമുള്ള ഇഷ്ടമല്ലല്ലോ നിന്നോടുള്ളത്’ ‘അതിൽ നിന്നും വ്യത്യസ്തമായ പെക്യൂലിയർ ടൈപ്പിലുള്ള അഫക്‌ഷൻ’ എന്നു സംസാരിച്ചതായും കാണുകയുണ്ടായി. അതല്ലാതെ പെൺകുട്ടി ഹാജരാക്കിയ നാല് ഓഡിയോ ക്ലിപ്പും മറ്റു തരത്തിലുമുള്ള തെറ്റായ ഫോൺ സംഭാഷണങ്ങൾ ശശിയുടെ ഭാഗത്തു നിന്നും ഉണ്ടായതായി കാണുന്നില്ല. ബ്ലോക് വനിതാ കൺവൻഷനു തൊട്ടുമു‍പ് തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ പി.കെ.ശശി ശ്രമിച്ചതായുള്ള ആരോപണത്തെ നിഷേധിക്കുവാനും തന്റെ ഭാഗം ന്യായീകരിക്കുവാനും പെൺകുട്ടിയെ പറ്റി തനിക്ക് നല്ല അഭിപ്രായമാണ് ഉള്ളത് എന്നുമാണ് ഫോൺ സംഭാഷണത്തിൽ ശശി വിശദീകരിക്കുന്നതായി കാണുന്നത്. 

‘ഫോൺ സംഭാഷണം അനുചിതം’

ഇക്കാര്യത്തിൽ ശശിയുടെ വിശദീകരണം തൃപ്തികരമാണെന്ന് കമ്മിഷൻ കരുതുന്നില്ല. ശശിയെപ്പോലെ മുതിർന്ന ഉന്നത പാർട്ടി നേതാവ് പെൺകുട്ടികളോടു സംസാരിക്കുമ്പോൾ ഉണ്ടാകേണ്ട ജാഗ്രതയും സദാചാര മര്യാദകളും പാലിക്കപ്പെട്ടിട്ടില്ല. ദുരുദ്ദേശപരമായോ സെക്ഷ്വൽ ഇന്റൻഷനോടു കൂടിയോ സംസാരിച്ചതല്ല,അങ്ങനെ കരുതിയിട്ടേ ഇല്ല എന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും സംഭാഷണത്തിലുള്ള ഇത്തരം പ്രയോഗങ്ങൾ തെറ്റിദ്ധാരണാജനകമാണ്. പാർട്ടി നേതാവ് എന്ന നിലയിൽ ഇക്കാര്യങ്ങളിൽ കാണിക്കേണ്ട ജാഗ്രത ശശി കാണിച്ചിട്ടില്ല. ഈ വിവാദം പാർട്ടിക്കു വലിയ ക്ഷീണവും അവമതിപ്പുമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിനാൽ കമ്മിഷൻ ഈ സംഭാഷണ രീതി തെറ്റാണെന്നു വിലയിരുത്തി.

കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ച് 12.10.2018നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പി.കെ.ശശി മുകളിൽ പറഞ്ഞ ഒന്നും രണ്ടും കാര്യങ്ങളിൽ കുറ്റക്കാരനല്ലെന്നും എന്നാൽ മൂന്നാമത്തെ ആരോപണമായ അനുചിതമായ ഫോൺ സംഭാഷണത്തിൽ കുറ്റക്കാരനാണെന്നും നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും തീരുമാനിച്ചു. മറുപടിയിൽ തനിക്കു പരാതിക്കാരിയോടു തെറ്റായ യാതൊരു താൽപര്യവും ഇല്ലെന്നും യാതൊരു ദുരുദ്ദേശവും ഇല്ലെന്നും സംഭാഷണത്തിലെ ചില പ്രയോഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി വ്യാഖ്യാനിക്കുമ്പോൾ അത്തരം പ്രയോഗങ്ങൾ തെറ്റിദ്ധാരണാജനകവും ഒഴിവാക്കേണ്ടതുമായിരുന്നുവെന്നു സമ്മതിച്ചു.

26.11.2018നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും കമ്മിഷൻ റിപ്പോർട്ടും കുറ്റപത്രവും പി.കെ.ശശിയുടെ വിശദീകരണവും പരിശോധിച്ചശേഷം ശശിയെ ആറു മാസത്തേക്കു പാർട്ടി അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്യാൻ തിരുമാനമെടുത്തു.