Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനതാദളിൽ നേതൃമാറ്റമില്ല; ലയനകാര്യത്തിൽ ഭിന്നത

JDU Flag

തൃശൂർ∙ നേതൃമാറ്റം സംബന്ധിച്ച അണിയറ നീക്കങ്ങൾ നടക്കുന്നതിനിടെ ജനതാദൾ (എസ്) പ്രസിഡന്റ് സ്ഥാനത്തു തൽക്കാലം മന്ത്രി കെ. കൃഷ്ണൻകുട്ടി തന്നെ തുടരാൻ ധാരണ. ദേശീയ–സംസ്ഥാന–ജില്ലാ ഭാരവാഹികൾ പങ്കെടുത്ത സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. മന്ത്രിസ്ഥാനവും പാർട്ടിനേതൃ സ്ഥാനവും ഒരാൾ തന്നെ വഹിക്കുന്നതിനെതിരെ 

ഒരുവിഭാഗം നേതാക്കൾ എതിർപ്പുന്നയിച്ചെങ്കിലും അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളട്ടേയെന്നു കൃഷ്ണൻകുട്ടി പക്ഷം നിലപാടെടുത്തു. ഫെബ്രുവരി രണ്ടിനു നടക്കുന്ന സംസ്ഥാന സമ്മേളനം വരെ നേതൃമാറ്റം ഉണ്ടായേക്കില്ലെന്നാണ് സൂചന. അതേസമയം, എം.പി.വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളുമായുള്ള ലയനത്തിന് അവർ തന്നെ മുൻകൈ എടുക്കട്ടെയെന്നായിരുന്നു പൊതുനിലപാട്.

മാത്യു ടി. തോമസിനു പകരം കെ. കൃഷ്ണൻകുട്ടി മന്ത്രിസ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള ആദ്യ നേതൃയോഗമായിരുന്നു തൃശൂരിൽ നടന്നത്. മന്ത്രിസ്ഥാനം ഏറ്റെടുത്തതിനാൽ കൃഷ്ണൻകുട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറണമെന്നും മാത്യു ടി. തോമസ് പദവിയേറ്റെടുക്കണമെന്നും ഒരുവിഭാഗം ആവശ്യമുയർത്തിയിരുന്നു. 

എന്നാൽ, സംസ്ഥാന സമ്മേളനം അടുത്തെത്തിയ സാഹചര്യത്തിൽ നേതൃമാറ്റം ആവശ്യമില്ലെന്നായിരുന്നു കൃഷ്ണൻകുട്ടി പക്ഷത്തിന്റെ നിലപാട്. അന്തിമ തീരുമാനമെടുക്കേണ്ടതു ദേശീയ നേതൃത്വമാണെന്നും അവർ വാദിച്ചു. കൃഷ്ണൻകുട്ടി പ്രസ‍ിഡന്റ് പദവിയിൽ കടിച്ചുതൂങ്ങുന്നുവെന്നു മറുപക്ഷവും ആരോപിച്ചു.

എം.പി. വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളുമായി ലയിക്കുന്നതു സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുപോകുകയാണെന്ന കൃഷ്ണൻകുട്ടിയുടെ നിലപാടും വിമർശനമുയർത്തി. 

ലയനത്തിന് ആദ്യം താൽപര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് വ‍ീരേന്ദ്രകുമാർ തന്നെ പ‍ിന്നാക്കം പോയതായി ഒരുവിഭാഗം ആരോപിച്ചു. മാത്യു ടി. തോമസും ജോസ് തെറ്റയിലും ഈ വാദത്തെ അനുകൂലിച്ചു. 

മുന്നണി വിട്ടുപോയവർക്കു തിരികെ വരാൻ താൽപര്യമുണ്ടെങ്കിൽ അവർ തന്നെ മുൻകൈ എടുക്കട്ടെ. മാതൃസംഘടനയിലേക്കു തിരികെ വരാൻ അവർ താൽപര്യം പ്രകടിപ്പിച്ചാൽ മാത്രം അക്കാര്യം ആലോചിച്ചാൽ മതിയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി ഇന്ന്

ലയനം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെ എം.പി. വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി യോഗം ഇന്നു തൃശൂരിൽ. രാവിലെ 10.30ന് എലൈറ്റ് ഹോട്ടലിലാണ് യോഗം. 

ജനതാദൾ എസുമായുള്ള ലയനം അജണ്ടയിൽ ഇല്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന. ലയനത്തിൽ നേരത്തെ താൽപര്യം പ്രകടിപ്പിച്ച പാർട്ടി നേതൃത്വം നിലപാടിൽ അയവു വരുത്തിയെന്നാണ് വിവരം.

related stories