Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി ഭവന പദ്ധതി: കേരളത്തിന് കാൽ ലക്ഷം വീടുകൾകൂടി ലഭിച്ചേക്കും

home-loan-procedure

പാലക്കാട് ∙ നഗര പ്രദേശത്തു സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും ഉള്ളവർക്കുള്ള പ്രധാനമന്ത്രി ഭവന പദ്ധതിയിൽ (പിഎംഎവൈ–നഗരം) സംസ്ഥാനത്തിനു 25,000 വീടുകൾ കൂടി ലഭിക്കാൻ സാധ്യത. ഇതിനുള്ള വിശദമായ പ്രൊജക്ട് (ഡിപിആർ) അടുത്ത മാസം കേന്ദ്ര സർക്കാരിനു നൽകും.

കൂടുതൽ വീടുകൾ നൽകാൻ കേന്ദ്രം തയാറാണെങ്കിലും അതിനായി പദ്ധതി രേഖ സമർപ്പിച്ചില്ലെന്ന ആരേ‍ാപണത്തെത്തുടർന്നു മന്ത്രി എ.സി. മെ‍ായ്തീന്റെ അധ്യക്ഷതയിൽ നടന്ന നഗരസഭാ അധ്യക്ഷന്മാരുടെ യേ‍ാഗത്തിലാണു തുടർനടപടിക്കു തീരുമാനം. 

ഈ സാമ്പത്തിക വർഷം കേരളം മാത്രമാണു ഡിപിആർ നൽകാത്തത്. 10 വർഷത്തിനുള്ളിൽ നഗരങ്ങളിൽ നടപ്പാക്കിയ 5 ഭവന പദ്ധതികളിലായി മെ‍ാത്തം 53,337 വീടുകളാണു സംസ്ഥാനത്തു പൂർത്തിയാക്കിയത്. പിഎംഎവൈയിൽ രണ്ടു വർഷംകെ‍ാണ്ടു 10,000 വീടു പൂർത്തിയാക്കി പദ്ധതി നടത്തിപ്പിൽ കേരളം ഒന്നാം സ്ഥാനം നേടി. ‘ലൈഫു’മായി യേ‍ാജിപ്പിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ ഇതുവരെ 82,487 വീടുകൾ സംസ്ഥാനത്തിന് അനുവദിച്ചു. മാർച്ചിനുള്ളിൽ 40,000 കൂടി പൂർത്തിയാക്കുകയാണു ലക്ഷ്യം.