Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ് സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ പലവഴികൾ തേടി

KSRTC Bus Stand

തിരുവനന്തപുരം∙ ഹൈക്കോടതി വിധിയനുസരിച്ചു കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരായ 3861 പേരെ പിരിച്ചുവിട്ടതിനെത്തുടർന്നു ബസ് സർവീസുകൾ മുടങ്ങാതിരിക്കാൻ പലവഴി തേടി കെഎസ്ആർടിസി. പിഎസ്‍സി പട്ടികയിലുള്ളവർ എത്തിയാലും പരിശീലനം, കണ്ടക്ടർ ലൈസൻസ് എന്നിവയെല്ലാം കഴിഞ്ഞു ഡ്യൂട്ടിയിൽ കയറണമെങ്കിൽ രണ്ടു മാസമെങ്കിലും കഴിയുമെന്നാണു മാനേജ്ന്റിന്റെ കണക്കുകൂട്ടൽ.

∙ ഓവർ ടൈം ഡ്യൂട്ടിക്ക് വേതന വർധന: നിലവിൽ സിംഗിൾ ഡ്യൂട്ടി ചെയ്യുന്ന സ്ഥിരം ജീവനക്കാർക്ക് അധിക ഡ്യൂട്ടി ചെയ്താൽ ലഭിക്കുന്നത് എംപാനൽഡ് ജീവനക്കാർക്കു നൽകുന്ന വേതനമായ 480 രൂപ മാത്രമായിരുന്നു. പുതിയ സാഹചര്യത്തിൽ കൂടുതലാളുകളെ ഓവർ ടൈം ഡ്യൂട്ടിയിലേക്ക് ആകർഷിച്ചു സർവീസുകൾ നിലനിർത്താൻ സ്ഥിരം ജീവനക്കാരുടെ വേതനം നൽകാൻ ഉത്തരവിറക്കി. ഇതോടെ ഒരാൾക്കു ശരാശരി 750 രൂപയിലധികം അധിക ഡ്യൂട്ടിക്കു ലഭിക്കും.

∙ അവധി കുറച്ചു മതി: ജീവനക്കാർ അനാവശ്യമായി അവധിയെടുക്കുന്നതു തടയാൻ പുതിയ ഉത്തരവ്. യൂണിറ്റ് ഓഫിസുകൾക്കു പകരം ചീഫ് ഓഫിസിന്റെ അനുമതിയോടെ മാത്രം ഇനി അവധി.

∙ മെക്കാനിക്കൽ ജീവനക്കാർക്കും ചുമതല: മെക്കാനിക്കൽ വിഭാഗത്തിൽ കണ്ടക്ടർ ലൈസൻസുള്ള താൽക്കാലിക ജീവനക്കാരെ കണ്ടക്ടർമാരായി ഉപയോഗിക്കും.

∙ ഡ്രൈവർ കം കണ്ടക്ടർ: ഈ തസ്തികയിലുള്ള ഡ്രൈവർമാരെ ദീർഘദൂര സർവീസുകൾക്കു പുറമേ ചെറിയ റൂട്ടുകളിൽ കണ്ടക്ടർമാരായി വിടും. ഡ്രൈവർമാർ ഏറെയുള്ളതിനാലാണു തീരുമാനം.

∙ പമ്പയിലേക്ക് ജൂനിയർമാരും: പമ്പയിൽ സർവീസുകൾ മുടങ്ങാതിരിക്കാനായി വിവിധ ഡിപ്പോകളിൽ നിന്നായി 10 വീതം ജൂനിയർ കണ്ടക്ടർമാരെ നിയോഗിച്ചു.

related stories