Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസിസി പ്രവർത്തനത്തിന് പൂർണപിന്തുണയില്ലെന്ന്: രാജി നൽകി പ്രതാപൻ; തള്ളിക്കളഞ്ഞ് മുല്ലപ്പള്ളി

TN-Prathapan ടി.എൻ. പ്രതാപൻ

തിരുവനന്തപുരം∙ അപ്രതീക്ഷിത നീക്കത്തിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്നറിയിച്ചു രാജിക്കത്ത് നൽകി. രാജി സ്വീകരിക്കാനാകില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതാപനെ അറിയിച്ചു. കേന്ദ്രനേതൃത്വത്തിനും പ്രതാപൻ രാജിസന്ദേശം അയച്ചുവെന്നറിയുന്നു.

ഡിസിസിയുടെ പ്രവർത്തനത്തിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയില്ലെന്നു പരാതിപ്പെട്ടാണു പ്രതാപൻ രാജിക്കു തയാറായത്. വി.എം. സുധീരന്റെ നോമിനിയായി ഡിസിസി തലപ്പത്തേക്കു വന്ന പ്രതാപൻ എ–ഐ വിഭാഗങ്ങളെ യോജിപ്പിച്ചാണു നീങ്ങിയതെങ്കിലും ഉദ്ദേശിച്ച സഹകരണം അവരിൽ നിന്നു കിട്ടിയില്ലെന്ന വികാരത്തിലാണ്. തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പിൽ തൃശൂരിലെ അഞ്ചിടത്തും യുഡിഎഫ് സ്ഥാനാർഥി തോറ്റിരുന്നു. കേന്ദ്ര, സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ പ്രകടിപ്പിച്ച അതൃപ്തി പ്രതാപനെ പ്രകോപിപ്പിച്ചുവെന്നും പറയപ്പെടുന്നു.

കെപിസിസി അഴിച്ചുപണിയോടനുബന്ധിച്ചു ചില ഡിസിസികളിലും മാറ്റമുണ്ടായേക്കാമെന്ന സൂചനയും പ്രതാപന്റെ നീക്കവുമായി കൂട്ടിവായിക്കുന്നവരുണ്ട്. മോശമായ ഡിസിസികളുടെ തലപ്പത്തു മാറ്റം വേണമെന്ന സമ്മർദം കോൺഗ്രസിലുണ്ട്. എന്നാൽ മികച്ച ഡിസിസി പ്രസിഡന്റുമാരിലൊരാളായാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി നേരത്തെ പ്രതാപന്റെ പ്രവർത്തനം വിലയിരുത്തിയത്. 

മത്സ്യത്തൊഴിലാളി കോൺഗ്രസിനെ ദേശീയതലത്തിൽ നയിക്കുന്ന പ്രതാപനു ഡിസിസി തലം വിട്ടു പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ട്.

തൃശൂരിൽ ഇന്നലെയെത്തിയ മുല്ലപ്പള്ളി രാജിക്കത്തു സ്വീകരിക്കുന്ന പ്രശ്നമില്ലെന്നു പ്രതാപനെ അറിയിച്ചുവെന്നാണു വിവരം. ഡിസിസികളിൽ മാറ്റം പരിഗണിക്കുന്നുവെങ്കിൽ മാത്രം ആലോചിക്കാമെന്നും വ്യക്തമാക്കി. നാലു ഡിസിസി പ്രസിഡന്റുമാരെ മാറ്റാനുള്ള സാധ്യത ചർച്ചകളിലുണ്ട്. ഇവരിലൊരാളെ എഐസിസി തലത്തിലേക്കു പരിഗണിക്കുന്നു. മൂന്നു ഡിസിസികളെക്കുറിച്ചാണു പരാതി കൂടുതലും.

ഫെബ്രുവരിയോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു പൂർണമായും കടക്കേണ്ടി വരുമെന്നതിനാൽ കെപിസിസി അഴിച്ചുപണി എത്രയും വേഗം നടത്താനാണു നീക്കം. 

പൂർണമായും പുതിയ ടീമെന്ന നിർദേശം നേതൃത്വം പരിഗണിച്ചുവെങ്കിലും അതു നടക്കാനിടയില്ല. നിലവിലുള്ള ഭാരവാഹികളിൽ സജീവമായി രംഗത്തുള്ള ഏതാനും പേരെ നിലനിർത്തും. മുൻ ഡിസിസി പ്രസിഡന്റുമാരിൽ 65 വയസ്സിൽ താഴെയുള്ളവരെ കെപിസിസി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കും.

അന്തരിച്ച എം.ഐ. ഷാനവാസിനു പകരം ഷാനിമോൾ ഉസ്മാൻ വർക്കിങ് പ്രസിഡന്റാകാൻ സാധ്യതയേറി. വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം മൂന്നിൽ നിന്നു നാലായേക്കും. സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കാനാണിത്.