Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന പുനർനിർമാണത്തിനു വേഗം കൂട്ടുന്നു

rebuild-kerala

തിരുവനന്തപുരം∙ പ്രളയാനന്തര കേരള പുനർനിർമിതിക്കായുളള സർക്കാർ സംവിധാനമായ ‘റീബിൽഡ് കേരള’യുടെ പ്രവർത്തനവേഗം കൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പ്രധാന പദ്ധതികൾ പെട്ടെന്നു തയാറാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നടപടിക്രമങ്ങളിലെ താമസം ഒഴിവാക്കണം.

നിലവിലുളള ലോകബാങ്ക് പദ്ധതികളിൽ ഇതുവരെ ചെലവഴിക്കാത്ത തുക അടിയന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജലവിഭവം, മരാമത്ത്, തദ്ദേശഭരണ വകുപ്പുകൾക്കു കീഴിലെ ആസ്തികൾ, കൃഷിമേഖലയിലെ സമഗ്ര ഇടപെടൽ, പരിസ്ഥിതിയുടെയും ദുരന്തപ്രതിരോധത്തിന്റെയും ഏകോപനം എന്നിവ മുൻഗണനാ മേഖലകളായി യുഎൻ പഠനസംഘം കണ്ടെത്തിയിരുന്നു. ഓരോ മേഖലയിലും ഇടപെടലുകൾക്കു തുടക്കമിടുന്ന രീതിയിൽ പദ്ധതികൾ തയാറാക്കാൻ നിർദേശിച്ചു. വകുപ്പു സെക്രട്ടറിമാർക്കായിരിക്കും ചുമതല.

പ്ലാനുകൾ തയാറാക്കാൻ ലോകബാങ്കിന്റെ സാങ്കേതിക സഹായവും കെപിഎംജി ലഭ്യമാക്കിയ പ്രഫഷനലുകളുടെ സഹായവും ഉപയോഗപ്പെടുത്തും. ജനുവരി രണ്ടാംവാരത്തിനു മുമ്പ് ഇവ അന്തിമമാക്കി അംഗീകാരം തേടണം. ഇതിൽ ആദ്യഘട്ടത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന പൈലറ്റ് പദ്ധതികൾ ആവിഷ്കരിക്കാനും സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. വൻപദ്ധതികൾ ആവിഷ്കരിക്കുന്നതിനു മുമ്പു ചില മേഖലകളിലെങ്കിലും വിശദപഠനം വേണം. ഇത്തരം പഠനങ്ങളുടെ ലിസ്റ്റ് ക്രോഡീകരിക്കാനും മുന്നോട്ടു പോകാനും വകുപ്പുകളെ ചുമതലപ്പെടുത്തി.

ഫെബ്രുവരി ആദ്യവാരം തന്നെ ആദ്യഘട്ടത്തിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പൈലറ്റ് പദ്ധതികൾ, അടിയന്തരമായി ഏറ്റെടുക്കേണ്ട പഠനങ്ങൾക്കുളള കൺസൽട്ടന്റുമാരെ തിരഞ്ഞെടുക്കൽ എന്നിവയുടെ നടപടി പൂർത്തിയാക്കി നിർവഹണത്തിലേക്കു കടക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

related stories