Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: തീർഥാടകരുടെ വാഹന പാസ് നിർബന്ധമല്ലെന്നു പൊലീസ്

കൊച്ചി ∙ ശബരിമലയിൽ തീർഥാടകർ വരുന്ന വാഹനങ്ങൾക്കു പാസ് നിർബന്ധമില്ലെന്നും നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ മുൻഗണന ലഭിക്കാനാണ് ഇതു നിഷ്കർഷിക്കുന്നതെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പാസില്ലാതെ വരുന്ന വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കു ശേഷം തിരക്കില്ലെങ്കിൽ മാത്രം നിലയ്ക്കലിൽ പാർക്കിങ് അനുവദിക്കും. സ്ഥലമില്ലെങ്കിൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നു സർക്കാർ അറിയിച്ചു.

പാസില്ലാതെ നിലയ്ക്കലിലെത്തുന്ന വാഹനങ്ങൾക്ക് എലവുങ്കൽ നിന്നു സുരക്ഷാ പരിശോധനയ്ക്കു ശേഷം പാസെടുക്കാനുള്ള സൗകര്യവും അനുവദിക്കുന്നുണ്ട്. ലോക്കൽ സ്റ്റേഷനിൽ നിന്നു പാസുമായെത്തുന്ന വാഹനങ്ങൾ സുരക്ഷിതമാണെന്നും അതിൽ ദർശനത്തിനെത്തുന്നവർ യഥാർഥ ഭക്തരാണെന്നുമാണ് കരുതപ്പെടുന്നത്. ക്രമസമാധാന പാലനത്തിനും തിരക്ക്, ട്രാഫിക് നിയന്ത്രണത്തിനും ഇതു സഹായകമാണെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ വിശദീകരിച്ചു.

വാഹനപാസ് ഏർപ്പെടുത്തുന്നതു ചോദ്യം ചെയ്ത് പി. സുനിൽകുമാർ നൽകിയ ഹർജി പൊലീസ് വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കി. നിലയ്ക്കലിൽ പാർക്കിങ്ങിനു മതിയായ സ്ഥലം നീക്കിവച്ചിട്ടുണ്ടെങ്കിലും തീർഥാടക തിരക്കേറുമ്പോൾ വാഹനങ്ങളെല്ലാം ഉൾക്കൊള്ളുക ബുദ്ധിമുട്ടാണെന്നു പൊലീസ് അറിയിച്ചു. വാഹനങ്ങളെ നിയന്ത്രിക്കാനാണു ലോക്കൽ പൊലീസിന്റെ പാസ് ഏർപ്പെടുത്തിയത്. പാസില്ലാതെ എത്തുന്ന വാഹനങ്ങൾക്കു പാർക്കിങ് ബുദ്ധിമുട്ടാണെന്നും അറിയിച്ചു.