Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാദ് ലുലുവിൽനിന്ന് നാലരക്കോടിയുടെ തട്ടിപ്പുനടത്തി മുങ്ങി; പ്രതി പിടിയിൽ

shiju റിയാദ് ലുലു അവന്യുവിൽ നിന്ന് നാലരക്കോടിയുടെ തിരിമറി നടത്തിയ കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായ ഷിജുജോസഫ്

തിരുവനന്തപുരം ∙ലുലുഗ്രൂപ്പിന്റെ റിയാദ് ലുലു അവന്യുവിൽ നിന്നു നാലരക്കോടിയുടെ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ പിടിയിൽ. കഴക്കൂട്ടം ശാന്തിനഗർ ടി.സി. 02 / 185 സാഫല്യം വീട്ടിൽ ഷിജുജോസഫ്(45) ആണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. റിയാദ് ലുലു അവന്യുവിൽ മാനേജരായിരുന്ന ഇയാൾ ഒന്നരവർഷത്തോളം സ്ഥാപനത്തിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കിയാണു പണം തട്ടിയത്.

ജോർദാൻ സ്വദേശി മുഹമ്മദ് ഫാക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കീം ജോലി ചെയ്യുന്ന കമ്പനി വഴിയാണ് ലുലുഅവന്യുവിലേക്കു സാധനങ്ങൾ വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ വരുന്ന സാധനങ്ങൾ മറ്റു ഷോപ്പുകളിലേക്കു മാറ്റിയും വ്യാജരേഖയിലൂടെ മറിച്ചു വിറ്റുമാണ് തട്ടിപ്പു നടത്തിയത്. ലുലുഗ്രൂപ്പ് റിയാദ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഷിജുജോസഫ് തിരുവനന്തപുരത്തേക്കു മുങ്ങുകയായിരുന്നു.

തുമ്പ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണു പിടിയിലായത്. വാട്സാപ് വഴിയാണ് പ്രതി മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. തുമ്പ എസ്ഐ ഹേമന്ത് കുമാർ, ക്രൈം എസ്ഐ കുമാരൻനായർ, ഷാഡോ എസ്ഐ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായവുംതേടി. കഴക്കൂട്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.