Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ: മഞ്ജുവിന്റെ പിന്മാറ്റം ഒരു തുടക്കം മാത്രമെന്നു പത്മനാഭൻ

തിരുവനന്തപുരം∙ വനിതാ മതിൽ വലിയൊരു തട്ടിപ്പാണെന്നു മനസ്സിലാക്കിയാണു ചലച്ചിത്രതാരം മഞ്ജു വാരിയർ പിന്മാറിയതെന്നു സെക്രട്ടേറിയറ്റ് നടയിൽ ഉപവാസമനുഷ്ഠിക്കുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭൻ. മഞ്ജുവിന്റെ പിന്മാറ്റം ഒരു തുടക്കമാണ്. മതിലിൽ സഹകരിക്കാമെന്നു മുഖ്യമന്ത്രിയെ അറിയിച്ചവരെല്ലാം കാര്യങ്ങൾ മനസിലാക്കി പിന്മാറുന്നതു വഴിയേ കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം മൂന്നിനാണു സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി ഉപവാസ സമരം ആരംഭിച്ചത്. എ.എൻ. രാധാകൃഷ്ണനെ തുടർന്നു പത്തു ദിവസം മുമ്പു സമരം ഏറ്റെടുത്ത പത്മനാഭന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നു പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിച്ചതു നിയന്ത്രണവിധേയമായിട്ടില്ല. പത്മനാഭനെ മാറ്റി പകരം ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുക്കുമെന്ന വാർത്തയുണ്ടായെങ്കിലും ബിജെപി നേതൃത്വം നിഷേധിച്ചു.

ആചാരസംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം എന്തു വില കൊടുത്തും തുടരുമെന്നു പത്മനാഭനും പറഞ്ഞു. പാർട്ടി ദേശീയ വക്താവ് ഡോ. സമ്പിത് പാത്ര സമരപ്പന്തലിലെത്തി അഭിവാദ്യം അർപ്പിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുണൈറ്റഡ് ചർച്ച് ഓഫ് ഇന്ത്യയുടെ പ്രതിനിധികളായ രണ്ടു വൈദികരും പത്മനാഭനെ സന്ദർശിച്ചു. ബിജെപി ന്യൂനപക്ഷ മോർച്ച പ്രവർത്തകരും ഇന്നലെ ഉപവാസത്തിൽ പങ്കെടുത്തു.

related stories