Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിന് ഇനി ഒരൊറ്റ പാഠശാല

Police

ആലപ്പുഴ ∙ സംസ്ഥാന പൊലീസിലെ വിവിധ വിഭാഗങ്ങൾക്ക് ഇനി ഒരൊറ്റ പരിശീലന കേന്ദ്രം. പൊലീസ് റിക്രൂട്സ് ഇന്റഗ്രേറ്റഡ് ട്രെയിനിങ് സെന്റർ എന്ന പരിശീലന സ്ഥാപനം തൃശൂർ രാമവർമപുരത്ത് ഇപ്പോഴുള്ള കേരള പൊലീസ് അക്കാദമിക്കു സമീപമാണു സ്ഥാപിക്കുന്നത്. എസ്ഐ റാങ്ക് വരെയുള്ളവർക്ക് ഇനി ഇവിടെയാവും പരിശീലനം. നൂറോളം പേരുള്ള ആദ്യ ബാച്ചിന്റെ പരിശീലനം ജനുവരി 1നു തുടങ്ങും.

ഇപ്പോൾ പൊലീസ് അക്കാദമിയിലും 8 ബറ്റാലിയനുകളിലുമാണ് 9 മാസം പരിശീലനം നൽകുന്നത്. വർഷം തോറും ഏകദേശം 2,500 കോൺസ്റ്റബിൾ ഒഴിവുകൾ വരുന്നതായാണ് കണക്ക്. ഡിഐജി (ട്രെയിനിങ്) അല്ലെങ്കിൽ ഡിഐജി (പൊലീസ് അക്കാദമി) ആയിരിക്കും പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടർ. ഇന്ത്യൻ റിസർവ് (ഐആർ) ബറ്റാലിയൻ കമൻഡാന്റ് അഡീഷനൽ ഡയറക്ടറും ഐആറിലെ ട്രെയിനിങ് ഡപ്യൂട്ടി കമൻഡാന്റ് ഡപ്യൂട്ടി ഡയറക്ടറുമാകും. 5 അസിസ്റ്റന്റ് ഡയറക്ടർമാരുമുണ്ടാവും.

5 അസിസ്റ്റന്റ് കമൻഡാന്റ്, 10 സായുധ പൊലീസ് ഇൻസ്പെക്ടർ, 30 സായുധ പൊലീസ് സബ് ഇൻസ്പെക്ടർ, 10 സായുധ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, 150 ഹവീൽദാർ, 100 ക്യാംപ് ഫോളോവർ തസ്തികകൾ പുതിയ കേന്ദ്രത്തിലേക്കു മാറ്റി. വിവിധ ബറ്റാലിയനുകളിലെ പരിശീലന വിഭാഗത്തിൽ നിന്നാണ് ഇവരെ മാറ്റിയത്. മിനിസ്റ്റീരിയൽ വിഭാഗത്തിലേക്ക് 2 ജൂനിയർ സൂപ്രണ്ട്, 20 ക്ലാർക്ക് എന്നിവരെയും ബറ്റാലിയനുകളിൽ നിന്നു നിയമിച്ചിട്ടുണ്ട്.

നേട്ടങ്ങൾ
∙ സംസ്ഥാനം മുഴുവൻ റിക്രൂട്ടുകൾക്ക് ഒരേ പരിശീലനം ലഭിക്കും.
∙ ഭാവിയിൽ ദേശീയ, രാജ്യാന്തര നിലവാരത്തിലേക്കു കേന്ദ്രം വികസിപ്പിക്കാം.
∙ പരിശീലകർക്കു തുടർച്ചയുണ്ടാവും. ബറ്റാലിയനുകളിൽ പരിശീലകർക്ക് അടിക്കടി സ്ഥലംമാറ്റം വരുന്നുണ്ട്.
∙ കൂടുതൽ ശാസ്ത്രീയവും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതവുമായ ആധുനിക പൊലീസ് പ്രവർത്തനം സാധ്യമാകും.
∙ പൊലീസ് അക്കാദമിയുടെ അടിസ്ഥാന സൗകര്യങ്ങളും പരിശീലകരെയും പ്രയോജനപ്പെടുത്താം.

കെഎപി ഒന്നാം ബറ്റാലിയൻ തൃപ്പൂണിത്തുറയിലേക്ക്; ഐആർ ബറ്റാലിയൻ പാണ്ടിക്കാട്ടേക്ക്?

പുതിയ പരിശീലന കേന്ദ്രം സ്ഥാപിക്കാനായി രാമവർമപുരത്തെ കെഎപി ഒന്നാം ബറ്റാലിയന്റെ ആസ്ഥാനം തൃപ്പൂണിത്തുറയിലേക്കു മാറ്റും. ബറ്റാലിയന്റെ സ്ഥലവും കെട്ടിടവും മറ്റു സൗകര്യങ്ങളും പുതിയ കേന്ദ്രത്തിനു കൈമാറും. ഇന്ത്യൻ റിസർവ് (ഐആർ) ബറ്റാലിയൻ ഇവിടെനിന്നു മലപ്പുറം പാണ്ടിക്കാട്ടേക്കു മാറ്റാനും ആലോചനയുണ്ട്. ഇതിന്റെ കുറച്ചു സൗകര്യങ്ങളും പരിശീലന കേന്ദ്രത്തിനു കൈമാറും.

ഒന്നാം ബറ്റാലിയന്റെ ആസ്ഥാനം തൃപ്പൂണിത്തുറയിലാകുന്നതോടെ കൊച്ചി സിറ്റി സായുധ റിസർവ് ക്യാംപിന്റെ പക്കലുള്ള സൗകര്യങ്ങൾ കൈമാറും. ഇവിടെയുള്ള ക്രൈംബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച്, ജില്ലാ പൊലീസ് ഓഫിസുകൾ 2 മാസത്തിനകം മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റും. ഒന്നാം ബറ്റാലിയന്റെ 2 കമ്പനികൾ കളമശേരി സായുധ റിസർവ് ക്യാംപിലേക്കു മാറ്റും. ഒഴിവു വരുന്ന സൗകര്യങ്ങൾ ബറ്റാലിയൻ ആസ്ഥാനത്തിനായി ഉപയോഗിക്കും. ഒരു കമ്പനി പോത്താനിക്കാട് പൊലീസ് സ്റ്റേഷനു സമീപത്തേക്കു മാറ്റും.