Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ദുരിതാശ്വാസം: എംപിമാർ തമ്മിൽ വാക്കേറ്റം

Parliament of India

ന്യൂഡൽഹി ∙ കേരളത്തിനു യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയെച്ചൊല്ലി കേരള എംപിമാരും പാർലമെന്റിന്റെ ധനകാര്യ സ്ഥിരം സമിതിയിലെ ബിജെപി എംപിമാരും തമ്മിൽ വാക്കേറ്റം. കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണു എംപിമാരിൽ നിന്നു സമിതി തെളിവെടുപ്പു നടത്തിയത്. പ്രളയം മനുഷ്യനിർമിതമാ‌യിരുന്നെന്ന് ബിജെപി അംഗങ്ങൾ കുറ്റപ്പെടു‌ത്തി.

യുഎഇയിൽ നിന്ന് 700 കോടി രൂപ വാഗ്ദാനം ലഭിച്ചതു കേന്ദ്ര സർക്കാർ തടഞ്ഞെന്നു കേരള എംപിമാർ കുറ്റപ്പെടുത്തിയതാണു നിഷികാന്ത് ദുബെ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങളെ പ്രകോപിപ്പിച്ചത്. അങ്ങനെയൊരു വാഗ്ദാനമേയുണ്ടായിട്ടില്ലന്ന് അവർ വാദിച്ചു. 31,000 കോടി രൂപ നഷ്ടമുണ്ടായെന്നു യുഎൻ കണ്ടെത്തിയതിനെയും ‌നിഷികാന്ത് ദുബെ ചോദ്യം ചെയ്തു. അത് ഊതിപ്പെരുപ്പിച്ചതാണെന്നായിരുന്നു വാ‌ദം.

അണക്കെട്ടുകൾ ഒന്നിച്ചു തുറന്നതാണു ദുരന്തകാരണമെന്ന ബിജെപി എം‌പിമാരുടെ അഭിപ്രായവും തർക്കത്തിനിടയാക്കി. ഉദ്യോഗസ്ഥ സംഘത്തെ പ്രതിനിധീകരിച്ച എറണാകുളം കലക്ടർ മുഹമ്മദ് സഫറുള്ള, കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ട് സമിതിക്കു സമർപ്പിച്ചു. അണക്കെട്ടുകൾ തുറന്നതും പ്രളയവുമായി ബന്ധമില്ലെന്നു സ്ഥാപിക്കുന്നതാണു കമ്മിഷൻ റിപ്പോർട്ട്.

പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ച തുക അപര്യാപ്തമാണെന്നായിരുന്നു കേരള എംപിമാരുടെ പൊതു നിലപാട്. കൂടുതൽ ദുരിതാശ്വാസത്തിനായി സർക്കാരിനു മേൽ സമ്മർദം ചെലുത്തുന്നതിന് അവർ സമിതിയുടെ പിന്തുണ തേടി. പി. കരുണാകരൻ, പി.കെ. ശ്രീമതി, എം.ബി. രാജേഷ്, എ. സമ്പത്ത്, കെ. സോമപ്രസാദ്, ജോയ്സ് ജോർജ്, കെ.കെ. രാഗേഷ്, കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണു സമിതിക്കു മുന്നിൽ ഹാജരായത്.

‘നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യണം’

കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ 65,000 പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിനു ശുപാർശ ചെയ്യണമെന്നു ശുപാർശ. എൻ.കെ. പ്രേമചന്ദ്രൻ എംപിയാണു പാർലമെന്റിന്റെ ധനകാര്യ സ്ഥിരം സമിതിക്കു മുന്നിൽ ശുപാർശ വച്ചത്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി രാജ്യമെങ്ങും തീരദേശ സേന രൂപീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

related stories