Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: വിദേശസഹായം സ്വീകരിക്കാൻ അനുമതി തേടി കേരളം

kerala-flood എറണാകുളത്തെ പ്രളയക്കാഴ്ച. (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ)

ന്യൂഡൽഹി ∙ ദേശീയ ദുരന്ത കൈകാര്യ പദ്ധതി (എൻഡിഎംപി ) അനുസരിച്ച് വിദേശത്തു നിന്നുള്ള സഹായ വാഗ്ദാനം സ്വീകരിക്കാൻ കേരളത്തിന് അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പ്രളയം കഴിഞ്ഞുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 31,000 കോടി രൂപ വേണമെന്നിരിക്കെ ഇതുവരെ 3000 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പത്തിലൊന്ന് തുകയേ ആയിട്ടുള്ളൂ. 

എൻഡിഎംപി പ്രകാരം വിദേശത്തു നിന്നുള്ള സഹായം സ്വീകരിക്കാൻ കേന്ദ്രത്തിന് സംസ്ഥാനത്തെ അനുവദിക്കാം. ഇതിന് കേന്ദ്രമാണ് അനുമതി നൽകേണ്ടത്. കേരളത്തിന് 100 കോടി ഡോളർ വായ്പ നൽകാൻ ലോകബാങ്കും ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കും യൂറോപ്യൻ യൂണിയനും മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ കേരളത്തിന് ഇതു സ്വീകരിക്കണമെങ്കിൽ സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി എസ്ജിഡിപി 3 ശതമാനത്തിൽ നിന്ന് 4.5 ശതമാനമാക്കണം. ഇതിന് ഇതുവരെ കേന്ദ്രം തയാറായിട്ടില്ല.

എൻഡിഎംപിയിൽ നിന്ന് 5616 കോടി രൂപ വേണം എന്ന് കേരളം ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ 600 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഉന്നതതല സമിതി കേരളം സന്ദർശിച്ചതാണ്. ഇതുവരെ അവർ തീരുമാനമെടുത്തിട്ടില്ല. പുനർ നിർമാണത്തിന് ചരക്ക്, സേവന നികുതിക്കു മേൽ സെസ് ഏർപ്പെടുത്താൻ കേന്ദ്രം സമ്മതിച്ചതാണ്. ഇതുവരെ അനുമതി നൽകിയിട്ടില്ല. ഫ്ലെക്സി ഫണ്ട് പ്രകാരം കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതികൾക്ക് കേന്ദ്രവിഹിതം 10% വർധിപ്പിക്കണം എന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.

നബാർഡിൽ നിന്ന് 2500 കോടി രൂപ കേരളം ആവശ്യപ്പെട്ടതും കിട്ടിയിട്ടില്ല. പ്രളയ ബാധിത മേഖലയിൽ അരിയും മണ്ണെണ്ണയും സൗജന്യമായി വിതരണം ചെയ്യണം എന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. അഡീഷനൽ പാക്കേജ് ആയി 5000 കോടി രൂപ അനുവദിക്കണം എന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.

related stories