Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല ദർശനത്തിന് തമിഴ്നാട്ടിൽനിന്ന് 30 യുവതികൾ

തിരുവനന്തപുരം∙ ശബരിമല ദർശനത്തിനായി തമിഴ്നാട്ടിൽ നിന്നു 30 യുവതികൾ 23നു കോട്ടയത്തെത്തും. ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മനിതി (സ്ത്രീ) സംഘടനയിൽപ്പെട്ടവരാണ് എത്തുന്നത്. ഒരിക്കലെങ്കിലും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണു ശബരിമലയിലെത്തുന്നതെന്നും സുരക്ഷ നൽകാമെന്നു സർക്കാർ അറിയിച്ചതായും മനിതി കോ ഓർഡിനേറ്റിങ് കമ്മിറ്റി അംഗം എസ്. ശുശീല മനോരമയോടു പറഞ്ഞു.

വ്രതമെടുത്തു മാലയിട്ടു വീട്ടുകാരുടെ പിന്തുണയോടെയാണു വരുന്നതെന്നും അവർ അറിയിച്ചു. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ സംഘടനയിലെ ചിലർ ശബരിമലയിലേക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. ആ സമയത്തു സുരക്ഷാ പ്രശ്നം ഉണ്ടായിരുന്നതിനാൽ തീരുമാനം മാറ്റി. രണ്ടാഴ്ച മുൻപു മുഖ്യമന്ത്രിക്ക് ഇ മെയിൽ അയച്ചു. ദർശനത്തിനു സുരക്ഷ ഒരുക്കണമെന്നായിരുന്നു അഭ്യർഥന. ഉചിത നടപടി എടുക്കാമെന്നും പൊലീസിന് ആവശ്യമായ നിർദേശം നൽകാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് മറുപടി നൽകി.

കഴിഞ്ഞ ദിവസം കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരങ്ങൾ തിരക്കി. 23നു രാവിലെ കോട്ടയത്ത് ഏവരും ഒത്തുചേരുമെന്നും അവിടെ നിന്നു ശബരിമലയിൽ പോകുമെന്നും ശുശീല പറഞ്ഞു.