Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോതമംഗലം ചെറിയ പള്ളി: രാത്രിയിലും സംഘർഷം തുടരുന്നു

Thomas-Paul-Ramban കോതമംഗലം മാർത്തോമാ ചെറിയ പളളിയിൽ ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാൻ എത്തിയപ്പോൾ.

കോതമംഗലം ∙ കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷം രാത്രിയിലും തുടരുന്നു. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നതു തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. മടങ്ങിപ്പോകാൻ റമ്പാൻ തയാറാകാതിരിക്കുകയും യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്തതോടെ രാത്രിയിലും സംഘർഷസാധ്യത നിലനിൽക്കുകയാണ്.

പള്ളിയിൽ ശുശ്രൂഷ നടത്താൻ പൊലീസ് സംരംക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ രാവിലെ 10.30ന് ആണ് തോമസ് പോൾ റമ്പാൻ ചെറിയപള്ളിയിലെത്തിയത്. ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം പള്ളിയിൽ കുർബാനയർപ്പിക്കുകയായിരുന്നു അപ്പോൾ. തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാതിരിക്കാൻ നൂറുകണക്കിനു യാക്കോബായ വിശ്വാസികൾ പ്രതിരോധം തീർത്തു. ഗേറ്റിനു പുറത്തു പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും ഫലമുണ്ടായില്ല. അരമണിക്കൂറിനു ശേഷം പൊലീസ് ജീപ്പിൽ റമ്പാനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പ്രതിഷേധക്കാരെ നീക്കി പള്ളിയിൽ വീണ്ടും എത്തിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്.

എന്നാൽ, പള്ളിയിൽനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനു കഴിഞ്ഞില്ല. ഇതെ തുടർന്നു 2 മണിക്കൂറിനുശേഷം തോമസ് പോൾ റമ്പാൻ വീണ്ടും എത്തി. പള്ളിയുടെ പടി‍ഞ്ഞാറേ കുരിശിനു സമീപം എത്തിയ റമ്പാനെ സംഘർഷസാധ്യത കണക്കിലെടുത്ത് കാറിൽനിന്നു പുറത്തിറങ്ങാൻ പൊലിസ് അനുവദിച്ചില്ല. മടങ്ങാൻ തയാറല്ലെന്നു വ്യക്തമാക്കിയ റമ്പാൻ രാത്രി വൈകിയും കാറിനുള്ളിൽതന്നെ കഴിച്ചുകൂട്ടുകയാണ്.

കോടതി വിധി നടപ്പാക്കാൻ പൊലിസിനു ബാധ്യതയുണ്ടെന്നും അതിനു തയാറാകാത്ത പൊലിസ് നാടകം കളിക്കുകയാണെന്നും തോമസ് പോൾ റമ്പാൻ ആരോപിച്ചു. പൊലിസിന്റെ ഒത്താശയോടെയാണു യാക്കോബായ വിശ്വാസികളുടെ നിയലംഘനം. ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ തിരക്കഥയനുസരിച്ചുള്ള നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസിന് ഇരട്ടത്താപ്പെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം ∙ കോതമംഗലം ചെറിയപള്ളി യാക്കോബായ സഭയുടെ മാത്രം സ്വത്താണെന്ന വാദത്തിൽ കഴമ്പില്ലെന്ന്  ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി  ബിജു ഉമ്മൻ. 

പള്ളിയുടെ അവകാശം  സംബന്ധിച്ച് കേസുകൾ ആരംഭിച്ചിട്ട് വർഷങ്ങളായി. കേസ് നടത്തിപ്പിൽ സജീവമായി പങ്കെടുത്തശേഷം വിധി വന്നപ്പോൾ അതു അനുസരിക്കുകയില്ല എന്ന നിലപാട് ശരിയല്ല. ഓർത്തഡോക്സ് സഭയുടെ വികാരി  തോമസ് പോൾ റമ്പാന് കോടതി അനുവദിച്ച പോലീസ് സംരക്ഷണം നൽകാൻ കൂട്ടാക്കാതെ പോലീസ് ഒഴിവു കഴിവുകൾ പറയുകയാണ്. പിറവത്തേതിനു സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. സംരക്ഷണം നൽകാമെന്ന് സമ്മതിച്ച പൊലീസ്, പളളിമുറ്റത്ത് കൂട്ടം കൂടാൻ ആളുകളെ അനുവദിച്ചു.  ഇതു പൊലീസിന്റെ ഇരട്ടത്താപ്പാണ്. 

സർക്കാരിന്റെ ഒത്താശയുടെ പിൻബലത്തിലാണ് പൊലീസ് നയം മാറ്റുന്നതെന്നു സംശയമുണ്ട്. ഇടതുമുന്നണിയുടെ എറണാകുളം മേഖലാ ഭാരവാഹികൾ രഹസ്യമായും പരസ്യമായും  ഇതിന് ഒത്താശ ചെയ്യുന്നതായും ബിജു ഉമ്മൻ ആരോപിച്ചു.

സഭയുടെ സ്വത്ത് ആർക്കും വിട്ടുകൊടുക്കില്ല: ശ്രേഷ്ഠ ബാവാ

കോതമംഗലം ∙ സഭയുടെ സ്വത്ത് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ പറഞ്ഞു. കോടതി വ്യവഹാരത്തിലൂടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുകയില്ല. കോടതിക്കു പുറത്തു പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കുകയാണു വേണ്ടത്. അത് അംഗീകരിക്കാൻ ഓർത്തഡോക്സ് നേതൃത്വം തയാറാകാത്തതാണു പ്രശ്നങ്ങൾക്കു കാരണം.

അവരുടെ ഏറ്റവും വലിയ മലബാർ സഭയിൽ പള്ളികൾ വീതംവച്ചു പ്രശ്നങ്ങൾ അവസാനിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ഇവിടെ അതു സാധ്യമാകുന്നില്ല. മനുഷ്യത്വമില്ലാത്തവരാണ് അവർ. കോടിക്കണക്കിനു രൂപയാണ് അവർ കേസുകൾക്കായി ചെലവഴിക്കുന്നത്. പള്ളികളിൽനിന്ന് ഇറങ്ങിക്കൊടുക്കാൻ പറഞ്ഞാൽ അതു നടക്കുകയില്ല. വിശ്വാസികൾ എത്ര കാലം ഇങ്ങനെ ക്ഷമിച്ചു മുന്നോട്ടു പോകുമെന്നും അറിയില്ല. സർക്കാർ ശ്രമിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുവാൻ ബന്ധപ്പെട്ടവ്ര‍ തയാറാകണമെന്നു ശ്രേഷ്ഠ ബാവാ പറഞ്ഞു.