Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനലിന്റെ ഭാര്യയോട് മന്ത്രി മണി: ‘മുഖ്യമന്ത്രിയുടെ കയ്യിൽ ജോലിയിരിപ്പില്ല’

M.M. Mani, Viji എം.എം മണി, വിജി

തിരുവനന്തപുരം ∙ ‘‘ജോലി തരാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെങ്കിൽ സമരം ഇരിക്കാതെ മുഖ്യമന്ത്രിയെ ചെന്നു കാണണം. മുഖ്യമന്ത്രിയുടെയോ ഉദ്യോഗസ്ഥൻമാരുടെയോ കയ്യിൽ ജോലിയിരിപ്പില്ല’’ – നെയ്യാറ്റിൻകരയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിച്ചു തളളിയതിനെ തുടർന്ന് വണ്ടിയിടിച്ചു മരിച്ച സനൽകുമാറിന്റെ ഭാര്യ വിജി ജോലിയും കടബാധ്യത തീർക്കാൻ സഹായവും തേടി ഫോണിൽ വിളിച്ചപ്പോൾ മന്ത്രി എം.എം മണി രൂക്ഷ ഭാഷയിൽ നൽകിയ മറുപടിയിങ്ങനെ.

ഇതോടെ വിജി സമരപ്പന്തലിലിരുന്ന് പൊട്ടിക്കര‍‍ഞ്ഞു. തോന്ന്യാസത്തിനു സമരം ചെയ്താൽ ജോലി തരാനാകില്ലെന്നു മന്ത്രി ശകാരിച്ചതായും വിജി പറഞ്ഞു. അതേസമയം, ശകാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ കാണാൻ പറഞ്ഞതു നല്ല ഉദ്ദേശ്യത്തോടെയാണെന്നും മന്ത്രി പിന്നീട് അവകാശപ്പെട്ടു.

സർക്കാർ വാഗ്ദാനം ചെയ്ത ജോലിയും ധനസഹായവും ലഭിക്കാത്തതിനെ തുടർന്നു വിജിയും മക്കളും സനലിന്റെ അമ്മയും സെക്രട്ടേറിയറ്റിനു മുന്നിൽ 10 ദിവസമായി സത്യഗ്രഹത്തിലാണ്. മന്ത്രിമാരെ ഫോൺ വിളിച്ച് വിജിയുടെ അവസ്ഥ അറിയിക്കുന്ന സമരം കെ.എസ്. ശബരീനാഥ് എംഎൽഎ രാവിലെ ഉദ്ഘാടനം ചെയ്തു.

സമരപ്പന്തലിൽ നിന്നു ശബരീനാഥ് മന്ത്രിമാരെ വിളിച്ചെങ്കിലും മന്ത്രിസഭാ യോഗം നടക്കുന്നതിനാൽ ബന്ധപ്പെടാൻ സാധിച്ചില്ല. ഉച്ചയോടെയാണു മന്ത്രിമാരായ എം.എം.മണി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. മൊയ്തീൻ എന്നിവരെ വിജിക്കു ഫോണിൽ ലഭിച്ചത്. കടന്നപ്പള്ളിയും എ.സി. മൊയ്തീനും അനുഭാവപൂർവം പരിഗണിക്കാമെന്നു മറുപടി നൽകി. എന്നാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും സമരം നി‍ർത്തിപ്പോകണമെന്നുമാണു മണി പറഞ്ഞത്. പ്രതികരണത്തിൽ പ്രതിഷേധിച്ചു സമരസമിതി പ്രവർത്തകർ മണിയുടെ കോലം കത്തിച്ചു. 

വാഗ്ദാനങ്ങൾ മറന്ന് മന്ത്രിമാർ

തിരുവനന്തപുരം ∙ സനൽ മരിച്ചതിന്റെ അടുത്ത ദിവസം മന്ത്രിമാരായ കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിജിയെ വീട്ടിൽ പോയി കണ്ടിരുന്നു. മന്ത്രി ശൈലജ കടബാധ്യത തീർക്കാനുള്ള സാമ്പത്തിക സഹായവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു.

എന്നാൽ പ്രതിയായ ഡിവൈഎസ്പി ജീവനൊടുക്കിയ ശേഷം സർ‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടായില്ല. കഴിഞ്ഞ 28നു വിജി മുഖ്യമന്ത്രിയെ നേരിൽ കണ്ട് സഹായം അഭ്യർഥിച്ചിരുന്നു. രമേശ് ചെന്നിത്തല നിയമസഭയിൽ പ്രശ്നം ഉന്നയിച്ചപ്പോൾ, വിജി സത്യഗ്രഹമിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മറ്റൊന്നും തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു.