Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

45 മീറ്ററിൽ വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ ദേശീയ പാത വികസനത്തിൽ 45 മീറ്ററെന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയാറല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പരിസ്ഥിതി പ്രവർത്തക മേധാ പട്കറെ അറിയിച്ചു. പുനരധിവാസം, നഷ്‌‌ടപരിഹാരം എന്നീ വിഷയങ്ങളിൽ പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കാൻ തയാറാണെന്നും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടു ചില പ്രദേശങ്ങളിൽ നാട്ടുകാർക്കുളള പരാതികൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് മേധാ പട്ക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ദേശീയ പാതയ്ക്ക് 30 മീറ്റർ വീതി മതിയെന്നും ബിഒടി വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നുമായിരുന്നു മേധാ പട്കറുടെ ആവശ്യം.

തീരുമാനങ്ങളിൽ മുഖ്യമന്ത്രി ഉറച്ചു നിൽക്കുകയാണെങ്കിൽ സിപിഎം കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിക്കുമെന്നും തീരുമാനം മാറ്റില്ലെന്നു വാശി പിടിച്ചാൽ അതു മാറ്റിക്കാൻ ജനങ്ങൾക്കറിയാമെന്നും മേധ പറഞ്ഞു. നന്ദിഗ്രാമിനു ശേഷമാണ് ബംഗാളിൽ സിപിഎം തകർന്നത്. പല മുഖ്യമന്ത്രിമാരും ജനങ്ങളുടെ തീരുമാനങ്ങൾക്ക് വഴങ്ങിയിട്ടുണ്ട്. കുടിയൊഴിക്കപ്പെടുന്നവർക്ക് മതിപ്പു വിലയുടെ മൂന്നിരട്ടി നഷ്ടപരിഹാരം നൽകണം. ഇല്ലെങ്കിൽ ജനങ്ങൾ സർക്കാരിനെതിരെ അണിനിരക്കുമെ‌ന്നും മേധാ പട്കർ പറഞ്ഞു. 

Medha-Patkar മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ചെന്നാരോപിച്ചു സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന മേധാപട്കർ.

ചർച്ചയ്ക്ക് അനുമതി റദ്ദാക്കി; കുത്തിയിരിപ്പു സമരവുമായി മേധ

തിരുവനന്തപുരം∙ ദേശീയ പാത വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്ന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി മേധാ പ‌ട്കർ.

ബിഒടി വ്യവസ്ഥയിൽ 45 മീറ്ററായി ദേശീയ പാത വികസിപ്പിക്കുമ്പോൾ ഭൂമി വിട്ടു നൽകേണ്ടി വരുന്നവരുടെ പ്രതിഷേധ മാർച്ച് ഉദ്ഘാ‌ടനം ചെ‌യ്ത ശേഷമാണ് മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന ആവശ്യം മേധ മുന്നോട്ടു വച്ചത്. 4.40 ന് കൂടിക്കാഴ്ച അനുവദിച്ചെങ്കിലും തിരക്കുകാരണം മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി റദ്ദാക്കി. ഇതോ‌ടെയാണ് മേധ പട്കറും ദേശീയ പാത സംയുക്ത സമര സമിതി പ്രവർത്തകരും കുത്തിയിരിപ്പു സമരം ആരംഭിച്ചത്.

ഒന്നര മണിക്കൂർ നീണ്ട സമരം ദൃശ്യമാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് കൂടിക്കാഴ്ചയ്ക്കു വീണ്ടും സമയം നൽകുകയായിരുന്നു. മേധാ പട്കറുമായുള്ള കൂടിക്കാഴ്ചയിൽ സമയ വ്യത്യാസം വരുത്തുക മാത്രമായിരുന്നുവെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

related stories