Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: വീടുനിർമാണം മാർച്ച് 31ന് മുൻപ് തീർ‍ക്കണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം ∙ പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി നിർമാണം ആരംഭിച്ച വീടുകൾ മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ കലക്ടർമാരുടെയും വകുപ്പുമേധാവികളുടെയും വാർഷിക അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പുനർനിർമാണം വെല്ലുവിളിയായി ഏറ്റെടുക്കാൻ കലക്ടർമാർ തയ്യാറാകണം. നവകേരള നിർമിതിക്ക് പുതിയ സങ്കേതങ്ങളും മാനവും വേണം. വീട് നിർമാണത്തിന് പരിഗണിക്കുമ്പോൾ തലമുറകളായി താമസിച്ചുവരുന്ന വീടുകളുടെയും പുറമ്പോക്കിലുള്ള വീടുകളുടെയും കാര്യത്തിൽ സാഹചര്യങ്ങൾ പരിശോധിച്ച് അനുഭാവപൂർവമായ നടപടി വേണം.

വായ്പ വിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ജില്ലാ തല ബാങ്കിങ് കമ്മിറ്റി യോഗം വിളിക്കണം. ബ്ലോക്കുതല അദാലത്തുകൾ ജനുവരി 15ന് മുൻപ് പൂർത്തിയാക്കണം. വീടുകൾ, സ്‌കൂൾ, അങ്കണവാടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, റോഡ് എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ വിലയിരുത്തണം. പുതുതായി സ്ഥാപിക്കുന്ന കേന്ദ്രീകൃത മാലിന്യപ്ലാന്റുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതല്ലെന്നും ഊർജോൽപാദനത്തിന് കഴിയുന്നതാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പ്രളയകാല പ്രവർത്തനങ്ങൾക്കും ഏകോപനത്തിനും കലക്ടർമാരെയും വകുപ്പധ്യക്ഷൻമാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

റവന്യു റിക്കവറി വഴിയുള്ള തുക വേഗത്തിൽ പിരിച്ചെടുക്കാൻ കലക്ടർമാർ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. സ്‌റ്റേ ലഭിച്ചവ ആറുമാസത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ സ്‌റ്റേ ബാധകമല്ലെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ ഇനത്തിലും വലിയതുക പിരിഞ്ഞുകിട്ടാനുണ്ട്. ഈ സർക്കാർ വന്ന ശേഷം 70,000 പേർക്ക് പട്ടയം നൽകി. 30,000 പേർക്ക് ജനുവരിയിൽ നൽകും. ലാൻഡ് ട്രിബ്യൂണലിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കാൻ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

യോഗത്തിൽ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, ജി. സുധാകരൻ, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, കലക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗം ഇന്നും തുടരും.

രാജ്യാന്തര സമ്മേളനം 27 മുതൽ 30 വരെ

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതി സംബന്ധിച്ചു സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതിക്കു വേണ്ടി ജനാവിഷ്കാര പീപ്പിൾസ് വെബ് പോർട്ടൽ 27 മുതൽ 30 വരെ രാജ്യാന്തര സമ്മേളനം നടത്തും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനം 27 ന് 10 മണിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ഉദ്ഘാടനം  ചെയ്യും.

related stories