Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി മണിക്കെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി വിജി

M.M. Mani, Viji എം.എം.മണി, വിജി

തിരുവനന്തപുരം∙ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി, മന്ത്രി എം.എം.മണി ഫോണിലൂടെ അധിക്ഷേപിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി. നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി തളളിയിട്ടതിനെ തുടർന്നു വാഹനമിടിച്ചു മരിച്ച സനൽ പൊലീസ് ക്രൂരതയുടെ രക്തസാക്ഷിയാണെന്നും കടബാധ്യതകൾ തീർക്കാൻ 50 ലക്ഷം രൂപയും ജോലിയും അനുവദിക്കണമെന്നും കമ്മിഷനോട് വിജി അഭ്യർഥിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിൽ വിജി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 11 ദിവസം പിന്നിട്ടു. ‌കെ.മുരളീധരൻ എംഎൽഎ ഇന്നലെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ന്യായമായ ആവശ്യത്തിനു ഫോണിൽ ബന്ധപ്പെട്ട വിജിയെ ക്രൂരമായി അധിക്ഷേപിച്ച മണി മന്ത്രിയായി തുടരുന്നത് കേരളത്തിനു ശാപമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനു വേണ്ടപ്പെട്ടവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും പിണറായി സർക്കാർ നൽകിയിട്ടുണ്ട്. ഇതേ മാന്യത വിജിയുടെ കാര്യത്തിലും കാണിക്കണം. വിജിക്ക് നീതി ലഭിക്കുംവരെ കോൺഗ്രസ് കൂടെയുണ്ടാവുമ‌െന്നും മുരളീധരൻ പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ​, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടി ‌അഹമ്മദ് കുട്ടി, ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജോർജ് ജോസഫ് എന്നിവർ വിജിയെ സന്ദർശിച്ചു. 

മന്ത്രി മണി വികൃത ജീവിയെപ്പോലെ: ബിജെപി

തിരുവനന്തപുരം ∙ വീടിനു കണ്ണു കിട്ടാതിരിക്കാൻ മുൻവശത്തു വയ്ക്കുന്ന വികൃത ജീവിയെപ്പോലെയാണു മന്ത്രി എം.എം.മണിയെന്നു ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണൻ. മണിയെക്കൊണ്ടു ജനം പൊറുതി മുട്ടി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണു നെയ്യാറ്റിൻകരയിൽ മരിച്ച സനലിന്റെ ഭാര്യയോടു മര്യാദയില്ലാതെ സംസാരിച്ചത്. ഭീഷണി സ്വരത്തിലാണ് മന്ത്രിയുടെ സംസാരം. മണിയെ ഒഴിവാക്കാൻ മുഖ്യമന്ത്രി കാര്യമായി എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.