Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം: മേൽനോട്ട സമിതിയായി

Trivandrum-Airport തിരുവനന്തപുരം വിമാനത്താവളം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. നടപടിക്രമങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിതല സമിതിയെ നിയോഗിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് എംപിമാരായ െക.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, സിഎൻ. ജയദേവൻ എന്നിവർക്കു കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി. 

വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നു പിൻമാറണമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ സഭയിൽ ആവശ്യപ്പെട്ടു. സ്വകാര്യവൽക്കരണത്തിലൂടെ വിമാനത്താവള നികുതി നിരക്കിലുണ്ടാകുന്ന വർധന യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു കാര്യമായ എതിർപ്പുയരാത്തതു ഖേദകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഇതിനിടെ, രാജ്യത്തെ വിമാനയാത്രാ നിരക്ക് കുറയ്ക്കുന്നതിനു ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ ഗതാഗതവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.