Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ മന്ത്രിക്കിഷ്ടം ഷൊർണൂർ പാത

Piyush-tweet മന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ

മലപ്പുറം ∙ കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽപാതയെന്ന അടിക്കുറിപ്പോടെ നിലമ്പൂർ – ഷൊർണൂർ പാതയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. പാതയുടെ ഭംഗിയിൽ മന്ത്രിയുടെ ഫോളോവേഴ്സ് അതിശയം പൂണ്ടപ്പോൾ, മലയാളികൾ ട്വീറ്റിനെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരമാക്കി മാറ്റി. പച്ചപ്പിനിടയിലൂടെ ട്രെയിൻ കടന്നുവരുന്ന 3 ചിത്രങ്ങളാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

അടിക്കുറിപ്പ് ഇങ്ങനെ: ‘പാലക്കാട് ജില്ലയിലെ നിലമ്പൂർ – ഷൊർണൂർ പാതയുടെ മനോഹര ദൃശ്യം. കേരളത്തിലെ ഏറ്റവും മനോഹരമായ ഈ റെയിൽപാത പശ്ചിമഘട്ടത്തിലെ പച്ചപ്പിനിടയിലൂടെ കടന്നുപോകുന്നു’

ചിത്രങ്ങൾ കണ്ട്, കാട്ടിലൂടെയാണു പാത കടന്നുപോകുന്നതെന്നു ധരിച്ചവർ ഏറെയാണ്. മലപ്പുറത്തുകാരാകട്ടെ, ‘കാട്ടുപാത’യല്ലെന്നു വിശദീകരിച്ചു കുഴങ്ങി. പാത മലപ്പുറം ജില്ലയിലാണെന്നു മന്ത്രിയെ തിരുത്തുകയും ചെയ്തു. നിലമ്പൂർ – നഞ്ചൻകോട് പാത യാഥാർഥ്യമാക്കണമെന്ന അഭ്യർഥന ഒട്ടേറെ മലയാളികൾ കമന്റായി കുറിച്ചു. പുറംകാഴ്ചകൾ കാണാൻ കഴിയുന്ന വിസ്റ്റാഡം കോച്ച് അനുവദിക്കണം, കൂടുതൽ ട്രെയിനുകളും സ്റ്റേഷനുകളിൽ സൗകര്യങ്ങളും വേണം എന്നീ ആവശ്യങ്ങളും മുന്നോട്ടുവച്ചു.