Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിൽ കുഞ്ഞിന്റെ മരണം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

mother-and-child

മലപ്പുറം ∙ സീറ്റും വൈദ്യസഹായവും ലഭിക്കാതെ ഒരുവയസ്സുകാരി ട്രെയിനിൽ മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മനോരമ വാർത്തയെത്തുടർന്ന് കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

വീഴ്ച പറ്റാനിടയായ സാഹചര്യവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മിഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. കമ്മിഷൻ ഉത്തരവ് ഉദ്യോഗസ്ഥർ ഡിആർഎം ഓഫിസിലെത്തി നേരിട്ടു കൈമാറുകയായിരുന്നു.

അസുഖബാധിതയായ കുഞ്ഞുമായി മാതാപിതാക്കൾ എട്ട് കോച്ചുകൾ മാറിക്കയറിയിട്ടും ടിക്കറ്റ് പരിശോധകർ സീറ്റ് ലഭ്യമാക്കിയില്ലെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. നിയമപരവും മാനുഷികവുമായ പരിഗണന കുട്ടിക്ക് ലഭ്യമായോ എന്നു പരിശോധിക്കണം. മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ട്രെയിനുകളിൽ അമ്മയ്ക്കും കുഞ്ഞിനും പ്രത്യേകം സീറ്റ് റിസർവേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി ഫാ. ജേക്കബ് കല്ലിച്ചേത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നിവേദനം നൽകി.

അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് കത്തു നൽകി

ന്യൂഡൽഹി ∙ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിനു കെ.സി. വേണുഗോപാൽ എംപി കത്തു നൽകി. റെയിൽവേ അധികൃതരുടെ അനാസ്ഥ മൂലമാണു കുഞ്ഞ് മരിച്ചതെന്നു കത്തിൽ ആരോപിച്ചു. തീരദേശ പരിപാലന നിയമത്തിൽ ഇളവു വരുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വേണുഗോപാൽ സ്വാഗതം ചെയ്തു. ഇക്കാര്യമുന്നയിച്ചു കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമാണിത് – അദ്ദേഹം പറഞ്ഞു.