Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടി ട്രെയിനിൽ മരിച്ച സംഭവം: അന്വേഷണം നടത്താതെ റെയിൽവേ

train-3

മലപ്പുറം∙ ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരി ട്രെയിനിൽ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണമില്ലാതെ റെയിൽവേ. നിയമങ്ങളുടെയോ യാത്ര സംബന്ധിച്ച ചട്ടങ്ങളുടെയോ ലംഘനമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം സംബന്ധിച്ച നിർദേശങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അന്വേഷണം വന്നാൽപോലും, മരിച്ച മറിയത്തിന്റെ മാതാപിതാക്കൾ വൈദ്യസഹായം ആവശ്യമുണ്ടെന്ന് വ്യക്തമായി ആവശ്യപ്പെട്ടില്ലെന്ന വാദമാകും റെയിൽവേ ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുകയെന്നാണ് കരുതുന്നത്. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസ് എടുത്തിട്ടില്ല.

ട്രെയിൻ യാത്രയ്ക്കിടെ ഓർക്കാൻ ചിലതുണ്ട്. യാത്രക്കാരും ഉദ്യോഗസ്ഥരും സംരക്ഷണസേനയും സമയോചിതമായി ഇടപെട്ടാൽ ട്രെയിനിലെ അടിയന്തരാവസ്ഥകൾ പലതും മറികടക്കാൻ കഴിയും.

ഓർക്കാം ഈ കാര്യങ്ങൾ:

റെയിൽവേ

∙യാത്രക്കാർക്ക് മെഡിക്കൽ എമർജൻസി ഉണ്ടാകുമ്പോൾ ടിടിഇ കൺട്രോൾ റൂമിൽ അറിയിച്ച് അടുത്ത സ്റ്റേഷനിൽ വൈദ്യസഹായം ഉറപ്പാക്കണം. ഡോക്ടറുടെ സേവനമുള്ള റെയിൽവേ സ്റ്റേഷനുകളിൽ അതു ലഭിക്കും. ഡോക്ടറില്ലാത്ത സ്റ്റേഷനാണെങ്കിൽ സ്റ്റേഷൻ മാസ്റ്റർ അടുത്ത ആശുപത്രിയിലേക്ക് ആംബുലൻസ് ലഭ്യമാക്കണം. ഏതു ടിക്കറ്റിലാണു യാത്ര ചെയ്യുന്നതെങ്കിലും ഗാർഡിനും ടിടിഇമാർക്കും ഈ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്ലീപ്പർ സീറ്റ് മറ്റൊരാൾക്കു നൽകാൻ നിയമപരമായി ടിടിഇക്കു കഴിയില്ല. എന്നാലും യാത്രക്കാരുമായി ചർച്ച ചെയ്ത് മാനുഷിക പരിഗണന നൽകാമായിരുന്നു.

യാത്രക്കാർ

∙ വൈദ്യസഹായം ആവശ്യമെങ്കിൽ ടിടിഇമാരോടോ ഗാർഡിനോടോ അക്കാര്യം ആവശ്യപ്പെടാൻ വൈകരുത്. റെയിൽവേ എമർജൻസി നമ്പറിൽ വിളിച്ചും ആവശ്യം അറിയിക്കാം. മറ്റേത് ഹെൽപ്‌ലൈനുകളിലും സഹായം അഭ്യർഥിക്കാവുന്നതേയുള്ളൂ. അടിയന്തരസാഹചര്യം നേരിടാൻ യാത്രക്കാർ പരസ്പരം കരുതലോടെ, ശ്രദ്ധയോടെ പെരുമാറണം. ഹെൽപ്‌ലൈനുകളിൽ വിളിക്കാൻ സഹയാത്രികർ ശ്രദ്ധിക്കണം. സ്ലീപ്പർ സീറ്റോ ജനറൽ സീറ്റോ ആകട്ടെ, സഹായമാവശ്യമുള്ള മറ്റൊരാൾ ആവശ്യപ്പെട്ടാൽ തൽക്കാലത്തേക്കെങ്കിലും വിട്ടുനൽകാൻ സന്മനസ്സു കാണിക്കുക. രോഗിയുടെ കൂടെ യാത്ര ചെയ്യുന്നവർ പല സ്ഥലത്തായി ചിതറിപ്പോകരുത്. പ്രഥമശുശ്രൂഷാ പാഠങ്ങൾ പഠിച്ചുവയ്ക്കുക.

ഡോക്ടർമാർ

∙ ട്രെയിനിൽ യാത്ര ചെയ്യുന്ന ഡോക്ടർമാർ റിസർവേഷൻ ഫോമിൽ അക്കാര്യം രേഖപ്പെടുത്തണം. പേരിനൊപ്പം ഡോക്ടർ ചേർക്കാം. കോച്ചിൽ കയറി ആദ്യം ടിടിഇയെ കാണുമ്പോൾ തന്നെ ‘ആവശ്യമുണ്ടെങ്കിൽ വിളിക്കാം’ എന്ന് അറിയിക്കണം. ദീർഘദൂര യാത്ര ആവശ്യമുള്ള രോഗികൾക്ക് അത് എങ്ങനെ, എപ്പോൾ, എന്തൊക്കെ മുൻകരുതലോടെ വേണമെന്ന് ചികിത്സിക്കുന്ന ഡോക്ടർ തന്നെ പറഞ്ഞുകൊടുക്കണം.