Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ ശബരിമലയിലെ വീഴ്ച മൂടിവയ്ക്കാൻ: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ ശബരിമലയിലെ വീഴ്ച മൂടിവയ്ക്കാനാണു കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ദുരുപയോഗപ്പെടുത്തിയും വികൃതമാക്കിയുമുള്ള വനിതാ മതിൽ നിർമാണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതു സമൂഹത്തിൽ വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കും. അപകടകരമായ രാഷ്ട്രീയക്കളിയാണു മുഖ്യമന്ത്രിയുടേത്. അതിനു കേരളം നൽകേണ്ടി വരുന്ന വില വലുതാണ്. ഒരു വിഭാഗം സംഘടനകളെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന ഈ അഭ്യാസം സമൂഹത്തിൽ ആഴത്തിലുള്ള വിഭാഗീയതയും സാമുദായിക സ്പർധയുമാണു സൃഷ്ടിക്കുന്നത്. സർക്കാർ ചെലവിൽ തന്നെ അതു സംഭവിക്കുന്നു എന്നതാണു ദുരന്തം.

വനിതകളെ മാത്രം ഉൾപ്പെടുത്തി നിർമിക്കുന്ന മതിൽ എന്തിനു വേണ്ടിയാണെന്ന ലളിതമായ ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകുന്നില്ല. നവോത്ഥാന മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനാണെന്നാണു സർക്കാരിന്റെ മറുപടി. സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്ത്രീ ശാക്തീകരണത്തിനാണെന്നാണു പറയുന്നത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടാണു വനിതാ മതിൽ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. യാഥാർഥ്യം തുറന്നു പറഞ്ഞാൽ കൂടെ നിൽക്കുന്നവർ പിണങ്ങും. മതിലിന്റെ അപഹാസ്യതയാണ് ഇവിടെ പുറത്തു വരുന്നത്.ആർഎസ്എസിന്റെ ഹിന്ദു അജൻഡയെ നേരിടാനെന്ന നാട്യത്തിൽ ഹൈന്ദവ വർഗീയതയെ  ഉപയോഗിച്ചു രാഷ്ട്രീയ നേട്ടത്തിനുള്ള സിപിഎം തന്ത്രത്തിന്റെ പുതിയ ആവിഷ്കാരമാണു വനിതാമതിലും – ചെന്നിത്തല പറഞ്ഞു. 

related stories