Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഗീയ മതിലാണെന്നു മുഖ്യമന്ത്രി സമ്മതിച്ചെന്ന് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ തീർക്കുന്നതു നവോത്ഥാന മതിലല്ല; വർഗീയ മതിലാണെന്ന കാര്യം തനിക്കു നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതിൽ നിർമാണത്തിനുള്ള യോഗത്തിലേക്കു ഹൈന്ദവ സംഘടനകളെ മാത്രമേ വിളിച്ചിരുന്നുള്ളൂവെന്നു മുഖ്യമന്ത്രി സമ്മതിച്ചു.

ന്യൂനപക്ഷ സംഘടനകളെ വിളിച്ചാൽ ആർഎസ്എസ് ആയുധമാക്കുമെന്നതാണു ന്യായം. ഹൈന്ദവ വർഗീയതയെ നേരിടാൻ തീവ്ര ഹൈന്ദവ വർഗീയതയാണു പ്രയോഗിക്കുന്നതെന്നാണ് അദ്ദേഹം ഏറ്റുപറയുന്നത്. താൻ ഇത്രയും ദിവസം പറഞ്ഞുകൊണ്ടിരുന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചതിൽ നന്ദിയുണ്ട്. സമൂഹത്തെ ഹിന്ദുവെന്നും ക്രിസ്ത്യാനിയെന്നും മുസ്‍ലിമെന്നും ഭരണകർത്താവ് തന്നെ വേർതിരിക്കുന്നത് ആപത്തും ഭരണഘടനാ തത്വങ്ങൾക്കെതിരുമാണ്. ഹിന്ദു സംഘടനകളെ മാത്രമേ ഒരു യോഗത്തിനു വിളിച്ചുള്ളൂവെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉളുപ്പില്ലേ–ചെന്നിത്തല ചോദിച്ചു.

മതേതരശക്തികളെ അണിനിരത്തി സംഘപരിവാറിനെ നേരിടാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. വനിതാ മതിൽ എന്തിനെന്ന് അറിയില്ലേ എന്നാണു മുഖ്യമന്ത്രിയുടെ മറുചോദ്യം. തന്റെ കാര്യം വിടാം. വി.എസ്. അച്യുതാനന്ദനു മനസിലായിട്ടുണ്ടോ? മതിൽ കെട്ടാൻ നിൽക്കുന്ന സംഘടനകൾക്കും അതെന്തിനാണെന്ന് അറിയാത്ത സ്ഥിതിയാണ്. മതിലിലും അയ്യപ്പ ജ്യോതിയിലും പങ്കെടുക്കുമെന്നാണ് അവരിൽ ചിലർ പറയുന്നത്.

വനിതാ മതിലിനു നിമിത്തമായതു ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയാണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സമ്മതിച്ചപ്പോൾ അതുമായി ബന്ധമില്ലെന്നു കോടിയേരി ബാലകൃഷ്ണനും കടകംപള്ളി സുരേന്ദ്രനും പറയുന്നു. ആരെയാണു വിശ്വസിക്കേണ്ടത്?

സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനാണു മതിലെങ്കിൽ അതിന്റെ കാര്യമില്ല. സർക്കാർ ഉണർന്നു പ്രവർത്തിച്ചാൽ മാത്രം മതി. വനിതാ മതിലിനപ്പുറത്തു പുരുഷ മതിലുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്. പി.കെ. ശശിയെപ്പോലുള്ളവരാണോ അതിൽ അണിചേരുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. ‍ ഡൽഹിയിലെ പുതിയ ‘യജമാനനെ’സന്തോഷിപ്പിക്കുന്ന തിരക്കിലാണു മുഖ്യമന്ത്രി. ആർഎഎസ്എസിനും ബിജെപിക്കും എപ്പോൾ ക്ഷീണമുണ്ടായാലും അതു പരിഹരിക്കാൻ അദ്ദേഹം ഏർപ്പെട്ടുകൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു.

related stories